പത്താന്‍കോട്ട് ഭീകരാക്രമണം; ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു; ആറു ഭീകരരെയും കൊലപ്പെടുത്തിയതായി സൂചന; ആറാമന്റെ മൃതദേഹം കണ്ടെടുത്തില്ല

ദില്ലി: പഞ്ചാബ് പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തു. കശ്മീരിലെ ഭീകരസംഘടനയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. കശ്മീരിലെ മാധ്യമസ്ഥാപനത്തില്‍ വിളിച്ചാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന അവകാശപ്പെട്ടു. ആക്രമണം നടത്തിയ ആറു ഭീകരരെയും കൊലപ്പെടുത്തിയതായി സൂചന. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആറാമന്റെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സൈന്യത്തിന്റെയും ഔദ്യോഗിക സ്ഥിരീകരണമില്ല. വ്യോമതാവളത്തില്‍ സൈനിക നടപടി തുടരുകയാണ്.

മൂന്നാം ദിവസവും തുടര്‍ന്ന ഏറ്റുമുട്ടലിലാണ് ശേഷിച്ച രണ്ടു ഭീകരരെ കൊലപ്പെടുത്തിയത്.
ഒളിച്ചിരിക്കുന്ന രണ്ടു ഭീകരരില്‍ ഒരാളെ ഉച്ചയോടെ കൊലപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി വ്യോമതാവളത്തില്‍ വീണ്ടും സ്‌ഫോടനശബ്ദം ഉണ്ടായി. വ്യോമതാവളത്തിനടുത്തുള്ള കെട്ടിടത്തിനു സമീപത്തു നിന്നാണ് ശബ്ദം കേട്ടത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസിക്കുന്ന എയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരും കുടുംബങ്ങളും സുരക്ഷിതരാണെന്ന് എന്‍എസ്ജി ഐജി മേജര്‍ ജനറല്‍ ദുഷ്യന്ത് സിംഗ് അറിയിച്ചു.

അതേസമയം, ആക്രമണത്തെക്കുറിച്ചു അന്വേഷിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യപാക്കിസ്ഥാന്‍ ചര്‍ച്ചകളുടെ തീയതി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനാ സന്ദര്‍ശനം റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News