സൗദിയും ഇറാനും ഏറ്റുമുട്ടലിലേക്ക്; കൂട്ട വധശിക്ഷയില്‍ പ്രതിഷേധിച്ച് ഇറാനില്‍ സൗദി വിരുദ്ധ പ്രകടനം; ഇറാനി നയതന്ത്രഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്ന് സൗദി

ടെഹ്‌റാന്‍: കൂട്ട വധശിക്ഷയ്ക്ക് പിന്നാലെ ഇറാനും സൗദി അറേബ്യയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക്. ഷിയ മുസ്ലീം പുരോഹിതന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് സൗദി എംബസിക്ക് നേരെ ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്. എല്ലാ ഇറാനി നയതന്ത്ര ഉദ്യോഗസ്ഥരും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് സൗദി ആവശ്യപ്പെട്ടു. ടെഹ്‌റാനിലുള്ള ഉദ്യോഗസ്ഥരെ സൗദിയും തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇറാന്‍ തീവ്രവാദ രാജ്യമായി വളര്‍ന്നുവെന്നും അതിന്റെ തെളിവാണ് എംബസി അക്രമത്തിലൂടെ അവര്‍ കാണിച്ചതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എംബസി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 40ഓളം പേരെ അറസ്റ്റു ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

_87450475_030748678-1

ഭീകരാക്രമണ കേസുകളില്‍ പ്രതികളായ 47 പേരെയാണ് കഴിഞ്ഞ ദിവസം സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ പുരോഹിതന്‍ ഷെയ്ഖ് നിമിറിനെയും വധിച്ചിരുന്നു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഷിയകളുടെ പ്രക്ഷോഭം നയിച്ചതിനാണ് 56കാരനായ നിമിറിന് വധശിക്ഷ വിധിച്ചത്. പുരോഹിതന്റെ വധശിക്ഷയെ തുടര്‍ന്ന് സൗദി കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സൗദി എംബസി തീവെച്ചു നശിപ്പിച്ചത്.

ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിച്ഛേദിച്ചതോടെ ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ബന്ധം തകരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് കാരണം. യു.എസ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഫെബ്രുവരിയിലെ വില്‍പ്പനയില്‍ ബാരലിന് 48 സെന്റ്‌സ് (1.30%) വിലവര്‍ധന രേഖപ്പെടുത്തി 37.52 ഡോളറില്‍ എത്തി. ബ്രെന്റ് ക്രൂഡിന് 61 സെന്റ്‌സ് ഉയര്‍ന്ന് 37.89 ഡോളറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here