ആര്‍എസ്എസ് ക്രിസ്തീയ സംഘടന തുടങ്ങാന്‍ ലക്ഷ്യമിടുന്നു; ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം മുസ്ലിം രാഷ്ട്രീയ മഞ്ച് പോലൊരു സംഘടന

ദില്ലി: തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെയും തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളിലൂടെയും ന്യൂനപക്ഷങ്ങളില്‍ നിന്ന് അകന്ന ആര്‍എസ്എസ് ക്രിസ്തീയ സംഘടന തുടങ്ങുവാന്‍ ആലോചിക്കുന്നു. ആര്‍എസ്എസിന്റെ തന്നെ മുസ്ലിം രാഷ്ട്രീയ മഞ്ച് പോലൊരു സംഘടന തുടങ്ങാനാണ് ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ക്രൈസ്തവ നേതാക്കളുമായി ആര്‍എസ്എസ് നേതൃത്വം കൂടിക്കാഴ്ച നടത്തി. സംഘടനയ്ക്ക് പേരു നിശ്ചയിച്ചിട്ടില്ലെങ്കിലും മനസ്സിലാക്കിയിത്തോളം രാഷ്ട്രീയ ഇസൈ മഞ്ച് എന്നായിരിക്കും പേരെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ക്രൈസ്തവരുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ക്രൈസ്തവ സംഘടന തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിവരം ഒരു മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് സ്ഥിരീകരിക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ മാര്‍ഗദര്‍ശക് ആയി പ്രവര്‍ത്തിക്കുന്ന പ്രചാരക് ആണ് ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 17ന് ഇതുസംബന്ധിച്ച് ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നു 12ഓളം സംസ്ഥാനങ്ങളില്‍ നിന്നായി നാലോ അഞ്ചോ ആര്‍ച്ച് ബിഷപ്പുമാരും 40-50 റവറന്‍ഡ് ബിഷപ്പുമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംഘടനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ദില്ലിയില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സ്വാമി ചിന്‍മയാനന്ദയും പങ്കെടുത്തിരുന്നു. ക്രിസ്മസ് മെസേജ് ഫോര്‍ ലവ് എന്ന പേരില്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മറവിലാണ് ആര്‍എസ്എസിന്റെ ക്രൈസ്തവ സംഘടനാ ആലോചനായോഗം നടന്നത്. ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, ദില്ലി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഐസക് ഒസ്താതിയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി അല്‍വാന്‍ മാസിഹ് എന്നിവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, മുസ്ലിം രാഷ്ട്രീയ മഞ്ച് പോലൊരു സംഘടന ആയിരിക്കുമോ എന്ന കാര്യത്തില്‍ ആര്‍എസ്എസ് നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല. മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലിങ്ങള്‍ക്കു വേണ്ടി മുസ്ലിങ്ങളാല്‍ നടത്തുന്ന സംഘടനയാണെന്നാണ് ഇന്ദ്രേഷ് കുമാര്‍ പറയുന്നത്. ഏകദേശം 10 വര്‍ഷം മുമ്പാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും ശ്രമത്തിറെ ഭാഗമായി കൂടി വേണം ആര്‍എസ്എസിന്റെ ഈ നീക്കത്തെ കാണാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News