റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാന്‍ ഇനി സിനദിന്‍ സിദാന്‍; റാഫേല്‍ ബെനിറ്റസിനെ റയല്‍ പുറത്താക്കി

മാഡ്രിഡ്: റയല്‍മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്ന് റാഫേല്‍ ബെനിറ്റസിനെ റയല്‍ പുറത്താക്കി. കോച്ചായി ചുമതലയേറ്റെടുത്ത് ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ബെനിറ്റസിനെ പുറത്താക്കിയത്. മുന്‍ ഫ്രഞ്ച് സൂപ്പര്‍താരം സിനദിന്‍ സിദാനെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാഡ്രിഡില്‍ ചേര്‍ന്ന റയലിന്റെ ബോര്‍ഡ് യോഗത്തിലാണ് ബെനിറ്റസിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിലവില്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിക്കുന്നത് സിനദിന്‍ സിദാന്‍ ആണ്. തന്റെ ഹൃദയവും ആത്മാവും നല്‍കി ടീമിനെ പരിശീലിപ്പിക്കുമെന്ന് മുന്‍ റയല്‍ താരം കൂടിയായ സിദാന്‍ പറഞ്ഞു.

ഫ് ളോരന്റീനോ പെരസ് ടീമിന്റെ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം റയലിനെ പരിശീലിപ്പിക്കാനെത്തുന്ന 11-ാമത് പരിശീലകനാണ് സിദാന്‍. എന്നാല്‍, എത്ര കാലത്തേക്കാണ് സിദാനെ പരിശീലകനായി നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷം സിദാന്റെ ആദ്യത്തെ മത്സരം ശനിയാഴ്ച ഡിപ്പോര്‍ട്ടീവോക്കെതിരെയാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന ഈ മത്സരം സിദാന് അഭിമാന പോരാട്ടവുമാണ്.

ബെനിറ്റസിന്റെ ഭാവി തീരുമാനിക്കുന്ന അവസാന മത്സരമായിരുന്ന ശനിയാഴ്ചത്തെ വലന്‍സിയക്കെതിരായ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇത് അത്‌ലറ്റികോയെയും ബാഴ്‌സയെയും അപേക്ഷിച്ച് നാലു പോയിന്റ് വ്യത്യാസത്തില്‍ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. ആഞ്ചലോട്ടിക്കു പകരക്കാരനായി 2015 ജൂണ്‍ 3നാണ് ബെനിറ്റസിനെ റയല്‍ നിയമിക്കുന്നത്. യുവേഫ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നീ മൂന്നു കിരീടങ്ങളും നേടിയ ഏക കോച്ച് എന്ന റെക്കോര്‍ഡായിരുന്നു നാപ്പോളി കോച്ചായിരിക്കെ ബെനിറ്റസിനെ റയലില്‍ എത്തിച്ചത്. മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, പുതിയ സീസണിലും റയലിന് നേട്ടമുണ്ടാക്കാന്‍ ബെനിറ്റസിന് സാധിക്കാതെ വന്നതിനാലാണ് പുറത്താക്കാനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News