നിരഞ്ജനെ അവഹേളിച്ച് മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന ഫേസ്ബുക്കില്‍ കമന്റ്; മലപ്പുറം സ്വദേശി അന്‍വറിനെതിരെ രാജ്യദ്രോഹക്കുറ്റം

മലപ്പുറം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ വീട്ടില്‍ അന്‍വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ് അന്‍വര്‍.

അനു അന്‍വര്‍ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ എന്ന വ്യാജേനയാണ് ഇയാള്‍ അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് ചേവായൂര്‍ പൊലീസ് അന്‍വറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കമന്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘മാധ്യമം’ മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍, സിഐ പി.കെ സന്തോഷ്, എസ്‌ഐമാരായ യു.കെ ഷാജഹാന്‍, ഹബീബുല്ല, ഷാഡോ പൊലീസ് അംഗങ്ങളായ എം.പ്രമോദ്, ആഷിക് റഹ്മാന്‍, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്‍വറിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here