വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനെന്ന് കോടിയേരി ബാലകൃഷ്ണന്‍; രാജന്‍ബാബു യുഡിഎഫില്‍ തുടരുന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ

തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ബിഡിജെഎസ് ഭരണഘടനാ ശില്‍പി കൂടിയായ രാജന്‍ ബാബു വെള്ളാപ്പള്ളിക്ക് ജാമ്യം എടുക്കാന്‍ പോയിട്ടും രാജന്‍ബാബുവിനെ മുന്നണിയില്‍ നിന്നും പുറത്താക്കാത്തത്. രാജന്‍ബാബു തുടരുന്നത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ്. ഇതിലൊരു നിലപാട് എടുക്കാന്‍ യുഡിഎഫിന് സാധ്യമല്ലെന്നതാണ് വസ്തുത. വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടു പോലും തുടര്‍നടപടിക്കു പോകാത്തതിനാലാണ് വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടയായത്. വെള്ളാപ്പള്ളിക്കു ജാമ്യം നേടാന്‍ സര്‍ക്കാരാണ് അവസരം ഒരുക്കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജന്‍ബാബു ജെഎസ്എസ് അംഗമായിരിക്കുമ്പോഴും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയിലും അംഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടി സമ്മതത്തോടെയാണ് ഇത്. രാജന്‍ബാബു മാത്രമല്ല നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിഡിജെഎസില്‍ അംഗങ്ങളാണ്. ഇവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അതല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദ്വയാംഗത്വം അനുവദിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ആര്‍എസ്എസ് കണ്ണൂരില്‍ നടത്തുന്ന ആയുധ പരിശീലനം അവസാനിപ്പിക്കുകയാണ് വേണ്ടത്. സംഘര്‍ഷം ഒഴിവാക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി. 1977ല്‍ ഉണ്ടായതു പോലെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി ദിവാസ്വപ്‌നം കാണുകയാണ്. അന്നത്തെ യുഡിഎഫും എല്‍ഡിഎഫും അല്ല ഇന്നത്തേത്. അന്ന് ജനതാദള്‍ മാത്രമേ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നുള്ളു. 1991-ല്‍ ആര്‍എസ്എസിന്റെ വോട്ട് സ്വീകരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പിച്ചു പറയാനൊക്കുമോ എന്നു കോടിയേരി ചോദിച്ചു.

സിപിഐഎമ്മില്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന ഉമ്മന്‍ചാണ്ടിയോട് വൈദ്യരേ സ്വയം ചികിത്സിക്കൂ എന്നാണ് പറയാനുള്ളത്. ആര്‍എസ്എസിനെയും സിപിഐഎമ്മിനെയും ഒരുപോലെ ചിത്രീകരിക്കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടുകളെ കുറച്ചു കാണിക്കാനാണ്. ഇത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകള്‍ക്ക് ഉദാഹരണമാണ്. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് രക്ഷയില്ലാത്തതു കൊണ്ടാണ് സുധീരന്‍ യാത്രയ്ക്ക് ജനരക്ഷായാത്ര എന്ന് പേരിട്ടിരിക്കുന്നത്. നിരഞ്ജന്റെ വീരമൃത്യുവില്‍ കേരളം അനുശോചിക്കുന്നു. ആശ്വാസധനമായി കുടുതല്‍ തുക പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പത്താന്‍കോട്ട് സംഭവത്തില്‍ ഭീകരതെയ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News