ഒരു ഇന്നിംഗ്‌സില്‍ പുറത്താകാതെ 1000 റണ്‍സ്; അത്യപൂര്‍വ ലോകറെക്കോര്‍ഡ് കയ്യെത്തിപ്പിടിച്ച് ഇന്ത്യക്കാരന്‍ പ്രണവ്; തകര്‍ത്തത് 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്; നേട്ടം 323 പന്തുകളില്‍ നിന്ന്

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 300 റണ്‍സ് തികയ്ക്കാന്‍ നമ്മുടെ സീനിയര്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടി ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് മുംബൈക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഒരു കളിയില്‍ 1000 റണ്‍സ് ഒറ്റയ്ക്ക് നേടുന്ന ആദ്യതാരമായി പ്രണവ് ധനവാഡെ എന്ന 15 കാരന്‍. 323 പന്തുകളില്‍ നിന്നാണ് പ്രണവ് 1000 റണ്‍സ് തികച്ചത്. ഭണ്ഡാരി ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കെ.സി ഗാന്ധി സ്‌കൂളിനു വേണ്ടിയാണ് പ്രണവിന്റെ റെക്കോര്‍ഡ് നേട്ടാം.  ഇന്നലെ ഒറ്റദിവസം 652 റണ്‍സ് നേടി പ്രണവ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പ്രണവിന്റെ ലോകറെക്കോര്‍ഡ് നേട്ടം.കോളിന്‍സിന്റെ 628 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ലോകറെക്കോര്‍ഡ്.

കല്ല്യാണില്‍ പതിനാറ് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ഭണ്ഡാരി ട്രോഫി ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ.സി.ഗാന്ധി സ്‌കൂളിനുവേണ്ടിയാണ് പ്രണവിന്റെ നേട്ടം. ഇന്നലെ ഒറ്റദിവസം കൊണ്ട് പ്രണവ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഒറ്റദിവസം കൊണ്ട് പുറത്താകാതെ 652 റണ്‍സ് അടിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ റെക്കോര്‍ഡ് നേട്ടം. 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്നലെ തന്നെ പ്രണവിനു മുന്നില്‍ വഴിമാറിയത്. 1899ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത് ടൗണിനെതിരെ ക്ലാര്‍ക്ക് ഹൗസിന്റെ എ.ഇ.ജെ. കോളിന്‍സ് നേടിയ 628 റണ്‍സിന്റെ റെക്കോര്‍ഡാണ് പ്രണവ് പഴങ്കഥയാക്കിയത്.

കേവലം 199 പന്തുകള്‍ മാത്രം നേരിട്ട് 652 റണ്‍സുമായി അജയ്യനായി നിലകൊള്ളുകയായിരുന്നു പ്രണവ്. 1000 റണ്‍സ് തികയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രണവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 28 തവണ പന്ത് ഗാലറിയിലേക്കെത്തിച്ചു. 72 ബൗണ്ടറികളും പിറന്നു. ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും നിലവിലുള്ള ഒരു ദിവസത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ഖ്യാതിയാണ് പ്രണവിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ തകര്‍ന്നത്. ഹാരിഷ് ഷീല്‍ഡ് കപ്പില്‍ പൃഥ്വി ഷാ നേടിയ 546 റണ്‍സ് എന്ന ഇന്ത്യയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും പ്രണവ് മറികടന്നു.

കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മകന്റെ വ്യക്തിഗത സ്‌കോര്‍ 300 കടന്ന ശേഷം നാട്ടുകാര്‍ അറിയിച്ച ശേഷമാണ് പിതാവ് പ്രശാന്ത് കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News