വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് പിഴ. 7,200 ഡോളറാണ് ഗെയ്‌ലിന് പിഴയിട്ടത്. ടെലിവിഷന്‍ റിപ്പോര്‍ട്ടറോട് തന്റെ കൂടെ മദ്യപിക്കാന്‍ വരുന്നോ എന്നും എനിക്ക് താങ്കളുടെ കണ്ണുകളില്‍ നോക്കിയിരിക്കാനാണ് താല്‍പര്യമെന്നുമുള്ള തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് ഗെയ്‌ലിന് പിഴയിട്ടത്. ഹൊബാര്‍ട്ടില്‍ ബിഗ് ബാഷ് ലീഗിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയായ മെല്‍ മക്‌ലാഫ്‌ലിനോട് മോശമായി സംസാരിച്ചതിനാണ് നടപടി. എന്നാല്‍, അതൊരു തമാശയായിരുന്നെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും ക്രിസ് ഗെയ്ല്‍ പ്രതികരിച്ചു. പിഴത്തുക ഏകദേശം 4,80,000 ഇന്ത്യന്‍ രൂപ വരും. സംഭവത്തില്‍ ഗെയ്‌ലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികേയ്ന്‍സിനെതിരെയുള്ള മല്‍സരത്തിനിടെയാണ് മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്‌ലിന്റെ വിവാദ പരാമര്‍ശം. 15 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായി ക്രീസുവിട്ട ഗെയ്‌ലിനെ വനിതാ ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്‌ലാഫ്‌ലിന്‍ ഇന്റര്‍വ്യൂവിനായി സമീപിക്കുകയായിരുന്നു. ബാറ്റിങ് വെടിക്കെട്ടിനെ പറ്റി ആരാഞ്ഞ മെല്ലിനോട്, ‘നിങ്ങളുമായി ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകള്‍ ആദ്യമായി നേരിട്ട് കാണാന്‍ സാധിച്ചു, വളരെ നല്ലത്’ എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്ല്‍ തുടര്‍ന്ന് ഒരു പടി കൂടെ കടന്ന് ‘ഈ മല്‍സരം ഞങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷ, അതിനു ശേഷം ഒരുമിച്ച് മദ്യപിക്കാം. നാണിക്കേണ്ട കുട്ടി എന്നും പറഞ്ഞു.
ഇതുകേട്ട് സ്തബ്ധയായ മെല്‍, വീണ്ടും അദ്ദേഹത്തോട് മറ്റൊരു ചോദ്യം ചോദിച്ചു. പരുക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍, പരുക്കില്‍ നിന്ന് പൂര്‍ണമോചിതനാകാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി. പിന്നെ വീണ്ടും ‘എന്നിട്ട് നിങ്ങളുടെ കണ്ണുകളില്‍ നോക്കി ഇരിക്കണം’ എന്നും മറുപടി നല്‍കി. ഇതോടെ നന്ദി പറഞ്ഞ് മെല്‍ അതിവേഗം അവിടെ നിന്നു മടങ്ങി. ഗെയ്‌ലാകട്ടെ ചിരിച്ചുകൊണ്ട് സഹതാരങ്ങളുടെ അടുത്തേക്ക് നീങ്ങുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here