വികസനത്തിന്റേയും സംവാദത്തിന്റേയും കേരള പഠന കോണ്‍ഗ്രസ്; ചരിത്രവും വിശകലനവും; തോമസ് ഐസക്ക് എഴുതുന്നു

രാജ്യത്തെ ഏറ്റവും വലിയ അനൗപചാരിക വികസന സംവാദമാണ് എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കേരളപഠന കോണ്‍ഗ്രസുകള്‍. ഇപ്പോള്‍ നടക്കാന്‍ പോകുന്ന പഠന കോണ്‍ഗ്രസില്‍ രണ്ടായിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അഞ്ഞൂറു പേജു വരുന്ന രേഖയെ ആസ്പദമാക്കി അമ്പതില്‍പ്പരം സമ്മേളനങ്ങളില്‍ ചര്‍ച്ച നയിക്കുന്നതിന് അഞ്ഞൂറോളം പേരെയാണ് ക്ഷണിച്ചിട്ടുളളത്. അതില്‍ മുക്കാല്‍പ്പങ്കും അതതു മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അക്കാദമിക് പണ്ഡിതരാണ്. ബാക്കിയുളളവര്‍ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും. അമ്പതില്‍പ്പരം വേദികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇവര്‍ മാത്രമല്ല, സന്നിഹിതരായിരിക്കുന്ന ഏതൊരാള്‍ക്കും പങ്കാളിയാകാം.

പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അടിസ്ഥാനരേഖ തയ്യാറാക്കുന്നതിനുവേണ്ടി വിഷയാടിസ്ഥാനത്തിലുളള ഇരുപതില്‍പ്പരം സെമിനാറുകളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും വിവിധ ജില്ലകളില്‍ നടന്നു. ഈ സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ രണ്ടായിരത്തില്‍പ്പരം പേജു വരും. ഏതാണ്ട് നാലായിരത്തോളംപേര്‍ ഈ ചര്‍ച്ചകളില്‍ പങ്കാളികളായി. ഓരോ വിഷയത്തിലും പ്രാവീണ്യമുളള മുഴുവന്‍ പണ്ഡിതരെയും ഈ സെമിനാറുകളിലേയ്ക്കു ക്ഷണിച്ചിരുന്നു.

Dr. TM Thomas Issac on 4th Kerala Padana Congress 2016Dr. TM Thomas Issac on 4th Kerala Padana Congress 2016#Kerala #Padanacongress #AKGCentre #EMS #CPIM #Thomas_Issac #Development

Posted by Kerala Padana Congress 2016 on Monday, January 4, 2016

പഠനകോണ്‍ഗ്രസിനുശേഷം 140 തുടര്‍ സെമിനാറുകളാണ്. കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് ഓരോ മണ്ഡലത്തിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു രേഖ തയ്യാറാക്കി ഈ സെമിനാര്‍ വേളയില്‍ ചര്‍ച്ച ചെയ്യും. ആയിരക്കണക്കിനാളുകള്‍ ഈ സെമിനാറുകളിലും പങ്കെടുക്കും. അതുകൊണ്ടാണ് പഠനകോണ്‍ഗ്രസിനെ ഏറ്റവും ബൃഹത്തായ വികസനസംവാദം എന്നു വിശേഷിപ്പിച്ചത്. ഈ സംവാദത്തിന്റെ പ്രത്യേകത തുടര്‍ച്ചയാണ്. തുടര്‍ച്ച രണ്ടുരീതിയിലുണ്ട്. സംവാദത്തിന്റെ നിഗമനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെയും അധികപഠനങ്ങളുടെയും അടിസ്ഥാനത്തില്‍ 5- 10 വര്‍ഷം കൂടുമ്പോള്‍ പഠന കോണ്‍ഗ്രസുകള്‍ വീണ്ടും വിളിച്ചു ചേര്‍ക്കും. 1994ലാണ് ആദ്യത്തെ പഠന കോണ്‍ഗ്രസ് നടന്നത്. പിന്നീട് 2005ലും 2011ലും പഠനകോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇപ്പോള്‍ നടക്കാന്‍ പോകുന്നത് നാലാമതു പതിപ്പാണ്.

ഇഎംഎസ് സ്മരണ

ഒന്നാം പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടകന്‍ പ്രൊഫ. കെ.ആര്‍ നാരായണന്‍ ആയിരുന്നു. ഇഎംഎസ് ആയിരുന്നു അധ്യക്ഷന്‍. സഖാവിന്റെ അധ്യക്ഷ പ്രസംഗം, കേരളം നേരിട്ട പ്രതിസന്ധിയും അതു പരിഹരിക്കുന്നതിന് ഒരു പുതിയ അജണ്ടയുടെ ആവശ്യകതയും കുറിച്ചായിരുന്നു. ഐക്യകേരള പ്രസ്ഥാനത്തിന്റെ കാലത്ത് തന്റെ തലമുറ ഒരു നവീനകേരളത്തിനു വേണ്ടി ഒരു അജണ്ട തയ്യാറാക്കി. അത് ഏറിയും കുറഞ്ഞും നടപ്പായതിന്റെ ഫലമായി കേരളം മാറി. മാറുന്ന ലോകത്ത് മാറിയ കേരളത്തില്‍ ഇനി ഇടതുപക്ഷം എന്തു ചെയ്യണം; തന്റെ ചെറുപ്പകാലത്തെ അപേക്ഷിച്ച് വിപുലമായ ഒരു പണ്ഡിതലോകം കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ ഇനി തന്നെപ്പോലുളള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ഒരു അജണ്ട കരുപ്പിടിപ്പിക്കാന്‍ പറ്റൂ. അതിനുളള സംവാദമാണ് പഠനകോണ്‍ഗ്രസിന്റെ ലക്ഷ്യം ഇതായിരുന്നു ഇഎംഎസിന്റെ സന്ദേശം.

അധ്യക്ഷ പ്രസംഗത്തിന്റെ കരട് തയ്യാറാക്കിയ ശേഷം ഇഎംഎസ് അത് വികെ രാമചന്ദ്രനും അനിയനും എനിക്കും തന്നു. അതില്‍ കേരള വികസന മാതൃക എന്ന സങ്കല്‍പ്പത്തെക്കുറിച്ച് നിശിതമായ വിമര്‍ശനം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച പുകഴ്ത്തലുകള്‍ സമകാലീന വെല്ലുവിളികളില്‍ നിന്ന് നമ്മുടെ ശ്രദ്ധ വഴിതെറ്റിക്കുന്നു എന്നായിരുന്നു ഇഎംഎസിന്റെ വിമര്‍ശനത്തിന്റെ കാതല്‍.

ഞങ്ങള്‍ മൂവരുമാകട്ടെ, ഇതിനു തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. മാതൃക എന്നത്, ശാസ്ത്രീയ സംജ്ഞയാണ്. അല്ലാതെ കേരളത്തിലുളളതെല്ലാം മാതൃകാപരമെന്ന് അര്‍ത്ഥമില്ല. കേരളത്തില്‍ നമുക്കു നേടാന്‍ കഴിഞ്ഞത് മറ്റു സംസ്ഥാനത്തെ പൊരുതുന്ന ജനങ്ങള്‍ക്ക് പ്രചോദനമാകും. നമ്മളിന്ന് നേരിടുന്നത് നേട്ടത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങളാണ്. ഇങ്ങനെ പോയി ഞങ്ങളുടെ വാദമുഖങ്ങള്‍. സാമാന്യം ദീര്‍ഘമായ ചൂടുപിടിച്ച ഒരു സംവാദം തന്നെ നടന്നു. പിറ്റേന്ന് ഇഎംഎസ് എന്നെ വിളിച്ചു പറഞ്ഞു, ‘ആ ഭാഗം നിങ്ങള്‍ പറഞ്ഞത് അനുസരിച്ച് തിരുത്തിക്കോളൂ’ ഇതായിരുന്നു ഇഎംഎസ്.

ആ മഹത്തായ സംവാദത്തിന്റെ തുടക്കവും അവസാനവും ഇഎംഎസായിരുന്നു. ഇത്തരമൊരു മഹാസമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇഎംഎസ് സമ്പൂര്‍ണമായ ധാരണയുണ്ടായിരുന്നു. കേരളത്തെക്കുറിച്ച് പഠിച്ചിട്ടുളള മുഴുവന്‍ പണ്ഡിതരെയും ക്ഷണിക്കണം എന്ന് ആദ്യം തീരുമാനിച്ചു. പിന്നെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഞങ്ങളുടെ ഒരു ചെറിയ ടീം പ്രധാനപ്പെട്ട ജേണലുകളിലും ഇന്ത്യയിലെ എല്ലാ പ്രധാന സര്‍വകലാശാലകളിലും കേരളത്തെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ചിട്ടുളളവരുടെ പട്ടിക തയ്യാറാക്കി.

അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടെ പഠനവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട്, അതുസംബന്ധിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചു. രണ്ടായിരം കത്തെങ്കിലും ഇഎംഎസ് നേരിട്ട് ഒപ്പിട്ടിട്ടുണ്ട്. തന്റെ പഠനവിഷയം ഇഎംഎസ് എങ്ങനെ അറിഞ്ഞുവെന്ന് കത്തുകിട്ടിയ പലരും അത്ഭുതപ്പെട്ടിട്ടുണ്ടാകാം. ഇപ്പോഴുമോര്‍ക്കുന്ന ഒരു രംഗം, അന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. ജെയിംസ് ഇഎംഎസിനെ കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ജലവിഭവമായിരുന്നില്ല, കുട്ടനാട്ടിലെ ക്രിസ്ത്യന്‍ പളളികളുടെ വാസ്തുശില്‍പ ശൈലിയായിരുന്നു. ഒരു പക്ഷേ, അദ്ദേഹം പോലും ഇതു മറന്നു പോയിരുന്നിരിക്കാം. അദ്ദേഹത്തിന്റെ ഗവേഷണ വിഷയം പരാമര്‍ശിച്ചുകൊണ്ടുളള ഇഎംഎസിന്റെ കത്തുകിട്ടിയപ്പോള്‍ അത്യത്ഭുതത്തോടെയാണ് ‘എന്താണ് വേണ്ടത്’ എന്നു ചോദിക്കാന്‍ അദ്ദേഹം ഇഎംഎസിനെ സന്ദര്‍ശിച്ചത്.

സമ്മേളനത്തിന് പണമുണ്ടാക്കിയതും ഇഎംഎസ് തന്നെയായിരുന്നു. ഏതാണ്ട്, ഒരു വര്‍ഷക്കാലത്തെ തയ്യാറെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ തീയതിയായപ്പോഴേയ്ക്കും തുടക്കത്തില്‍ ചിന്തിച്ചതിനപ്പുറത്തേയ്ക്ക് അതു വളര്‍ന്നു കഴിഞ്ഞിരുന്നു. മൂന്നു ദിവസത്തെ സമ്മേളനം. അറുപതു ചര്‍ച്ചാവേദികള്‍. നാലു വാല്യം പ്രബന്ധങ്ങള്‍, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിന്ന് പ്രതിനിധികള്‍. പത്തുലക്ഷം രൂപയെങ്കിലും ചെലവു വരും. ഇതെങ്ങനെ?

ഒരു ദിവസം കൊണ്ട് ഇഎംഎസ് ഈ പണം സമാഹരിച്ചു. എകെജി സെന്ററിലേയ്ക്ക് പതിനഞ്ചു മിനിട്ട് ഇടവിട്ട് പ്രധാനപ്പെട്ട എല്ലാ വര്‍ഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിച്ചു. സഹായം അഭ്യര്‍ത്ഥിച്ചു. ഉച്ചയായപ്പോഴേയ്ക്കും ഫണ്ടിന്റെ പ്രശ്‌നം പരിഹൃതമായി. ഓരോ നേരത്തെയും ഭക്ഷണം ഓരോ സംഘടനയാണ് സ്‌പോണ്‍സര്‍ ചെയ്തത്.

മൂന്നു ദിവസവും പൂര്‍ണമായും ഇഎംഎസ് സമ്മേളനത്തില്‍ പങ്കെടുത്തു. പല സമ്മേളന ഹാളുകളിലും കേള്‍വിക്കാരനായി അദ്ദേഹമുണ്ടായിരുന്നു. ഒരു രംഗം ഞാനൊരിക്കലും വിസ്മരിക്കില്ല. വന്ദ്യവയോധികനായ ഡോ. പിആര്‍ പിഷാരടിയുടെ പ്രസംഗം കേള്‍ക്കാന്‍ ഇഎംഎസും സദസിലുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഇഎംഎസിന്റെ അടുത്തേയ്ക്ക് ഡോ. പിഷാരടി നടന്നു ചെന്നു. പിന്നെ നടന്നത് ഒരാളും ചിന്തിക്കാത്ത ഒന്നാണ്. അദ്ദേഹം ഇഎംഎസിനെ സാഷ്ടാംഗം പ്രണമിച്ചു. ഇഎംഎസും സ്തംഭിച്ചുപോയി. ഞങ്ങള്‍ ഡോ. പിഷാരടിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്തൊക്കെയാ ചെയ്യുന്നേ എന്നായി ഇഎംഎസ്. ഡോ. പിഷാരടി പറഞ്ഞു, ‘ഇങ്ങനെ ഞങ്ങളെയെല്ലാം വിളിച്ചുകൂട്ടി, എന്തേ വേണ്ടത് എന്നു ചോദിക്കാന്‍ ഒരാള്‍ക്കു തോന്നിയല്ലോ. അതിനെന്റെ പ്രണാമമാണ്’.

ജനകീയാസൂത്രണത്തിലേയ്ക്ക്

മൂന്നു ദിവസം അറുപതില്‍പ്പരം വേദികളിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. കേരളവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ പണ്ഡിതരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇവരില്‍ ഡോ. കെഎന്‍ രാജ്, അശോക് മിത്ര, പ്രഭാത് പട്‌നായിക്, ഡെല്‍ഹി മെത്രാപ്പൊലീത്ത മാര്‍ ഗ്രിഗോറിയോസ്, നിത്യചൈതന്യയതി, ഐഎസ് ഗുലാത്തി, ഫാദര്‍ ഹുത്താര്‍ട്ട്, ഒലേ ടേണ്‍ക്വിസ്റ്റ്, പ്രൊഫ. വാഷ്ബ്രൂക്ക്, ചൈനീസ് പണ്ഡിതര്‍, ശാരദാമണി, കെഎന്‍ പണിക്കര്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരും ഉള്‍പ്പെടുന്നു. സമ്മേളനത്തിന്റെ നിഗമനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് മൈക്കിള്‍ തരകനും ഞാനും ചേര്‍ന്ന് ഒരു പ്രബന്ധം എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു. പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപമേ പ്രസിദ്ധീകരിച്ചുളളൂവെങ്കിലും അവയ്ക്കു നാലു വാല്യങ്ങള്‍ വേണ്ടിവന്നു.

പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ സര്‍വതല സ്പര്‍ശിയായിരുന്നു. അവയെല്ലാം 1996ലെ നായനാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗാഢമായി സ്വാധീനിക്കുകയും ചെയ്തു. ഏറ്റവും നിര്‍ണായകമായ സ്വാധീനം അധികാരവികേന്ദ്രീകരണ മേഖലയിലാണ് ഉണ്ടായത്. കേരളത്തിലെ പൊതുവിദ്യാഭ്യാസവും ആരോഗ്യവും അതുപോലെ കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ജനപങ്കാളിത്തം അനിവാര്യമാണ്. ഇതിന് അധികാരവും വിഭവങ്ങളും താഴേയ്ക്കു നല്‍കിയേ തീരൂ. പണം താഴേയ്ക്കു വിന്യസിച്ചാല്‍ മാത്രം പോര, പുതിയൊരു പ്രവര്‍ത്തനശൈലിയും മൂല്യബോധവും താഴത്തു സൃഷ്ടിക്കണം.

അധികാരം താഴേയ്ക്കു നല്‍കുന്നതിനുളള തടസങ്ങള്‍ മറികടക്കണം. അതുകൊണ്ടാണ് അധികാരവികേന്ദ്രീകരണത്തെ കേവലം ഭരണപരിഷ്‌കാരമായി കാണാതെ, ഒരു ജനകീയപ്രസ്ഥാനത്തിന്റെ രൂപത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാടാണ് ജനകീയാസൂത്രണം ആവിഷ്‌കരിക്കുന്നതിനു വഴിതെളിച്ചത്.

രണ്ടും മൂന്നും പഠനകോണ്‍ഗ്രസുകള്‍

തുറന്ന ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എകെജി പഠനഗവേഷണ കേന്ദ്രത്തിന്റേതായ ഒരു ഔദ്യോഗികരേഖ ഒന്നാമത്തെ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചില്ല. ഇഎംഎസിന്റെ അധ്യക്ഷ പ്രഭാഷണമായിരുന്നു പഠനഗവേഷണ കേന്ദ്രത്തിന്റെ സമീപന രേഖ. രണ്ടാം കോണ്‍ഗ്രസില്‍ അഞ്ചുവര്‍ഷം അധികാരത്തിലിരുന്നതിന്റെയും അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്നതിന്റെയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പഠനഗവേഷണ കേന്ദ്രം തന്നെ വിശദമായ ഒരു രേഖ തയ്യാറാക്കി ചര്‍ച്ചയ്ക്കു സമര്‍പ്പിക്കുകയാണ് ചെയ്തത്. മൂവായിരത്തിലേറെ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഴുപത്തെട്ടു വേദികളിലായി 160 മണിക്കൂര്‍ ചര്‍ച്ച നടന്നു. 430 പണ്ഡിതരും വിദഗ്ധരും നേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ചുളള പാനലുകളില്‍ പ്രസംഗകരായി ഉണ്ടായിരുന്നു.

3rd International Congress on Kerala Studies 2016മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിൻറെ ഉദ്ഘാടനം -ചില ദൃശ്യങ്ങൾ.

Posted by Kerala Padana Congress 2016 on Monday, January 4, 2016

ഒന്നാം പഠനകോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളവികസനം മുഖ്യപ്രശ്‌നമായി കണ്ടത് രൂക്ഷമായ സാമ്പത്തികമുരടിപ്പാണ്. എണ്‍പതുകളുടെ അവസാനം വരെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. ദേശീയ ശരാശരിയെക്കാള്‍ താഴെയായിരുന്നു. എങ്ങനെ ഉല്‍പാദന മേഖലകളില്‍ ഒരു കുതിപ്പു സൃഷ്ടിക്കാം എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. എന്നാല്‍ രണ്ടാം പഠന കോണ്‍ഗ്രസ് ആയപ്പോഴേയ്ക്കും എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നുവെന്നു വ്യക്തമായിരുന്നു. ദേശീയ ശരാശരിയെക്കാള്‍ മുകളിലായിത്തീര്‍ന്നു കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഈ കുതിപ്പിന് ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ കടിഞ്ഞാണിടുമോ എന്നതായിരുന്നു ഒരു ഭയപ്പാട്. ഒന്നാം പഠനകോണ്‍ഗ്രസ് കാലത്ത് ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയതേ ഉണ്ടായിരുന്നു. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഈ പരിഷ്‌കാരങ്ങളുടെ സ്വഭാവം വ്യക്തമായി. ഈ പുതിയ പരിമിതികള്‍ക്കുളളില്‍ വേണ്ടിയിരുന്നു കേരളത്തിന്റെ വികസനത്തെക്കുറിച്ചു ചിന്തിക്കുന്നത്. ഇതിനായി തയ്യാറാക്കിയ കാര്യപരിപാടി 2006ല്‍ അധികാരത്തില്‍വന്ന വിഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വഴികാട്ടിയായി. 2011ല്‍ മൂന്നാം പഠനകോണ്‍ഗ്രസ് നടന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി, അതിലാവിഷ്‌കരിച്ച കാര്യപരിപാടികള്‍ നടപ്പാക്കുന്നതിനു തടസമായിത്തീര്‍ന്നു.

രണ്ടും മൂന്നും കോണ്‍ഗ്രസുകളില്‍ ഉരുത്തിരിഞ്ഞുവന്ന കാഴ്ചപ്പാടുകളില്‍ ഏറ്റവും മുഖ്യമായത് കേരളത്തിന്റെ വ്യവസായ ഉല്‍പാദന മേഖലകളുടെ വളര്‍ച്ചാതന്ത്രത്തില്‍ വരുത്തേണ്ട സുപ്രധാനമായ ഒരു മാറ്റമാണ്. കേരളത്തിലെ വ്യവസായവത്കരണം ആദ്യഘട്ടത്തില്‍ പരമ്പരാഗത വ്യവസായങ്ങളെയും പിന്നീട് കെമിക്കല്‍ വ്യവസായങ്ങളെയും ആസ്പദമാക്കിയാണ് ഉണ്ടായത്. ഈ രണ്ടു വ്യവസായങ്ങളുടെയും വളര്‍ച്ചയെ അടിസ്ഥാനമാക്കി ഭാവിയില്‍ മുന്നേറാനാകും. പരമ്പരാഗത വ്യവസായങ്ങളുടെ കമ്പോളം പരിമിതമാണ്. കൂലിയുടെ ഉയര്‍ച്ച, അവയുടെ അടിത്തറ ദുര്‍ബലപ്പെടുത്തി. ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കെമിക്കല്‍ വ്യവസായങ്ങള്‍ അഭികാമ്യമല്ല. മാത്രമല്ല, അവ മലിനീകരണവും സൃഷ്ടിക്കുന്നു. അതുകൊണ്ട് നമ്മുടെ ശ്രദ്ധ കേരളത്തിന്റെ വിദ്യാസമ്പന്നമായ മനുഷ്യവിഭവശേഷിയ്ക്ക് അനുയോജ്യമായ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേയ്ക്കും ടൂറിസം പോലുളള സേവനവ്യവസായങ്ങളിലേയ്ക്കും തിരിയേണ്ടതുണ്ട്. ലൈറ്റ് എഞ്ചിനീയറിംഗ് പോലുളള വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങളും കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്കും വളരെ സാധ്യതകളുണ്ട്. പക്ഷേ, ഇന്നും ഈ ദിശയിലേയ്ക്ക് നീങ്ങാന്‍ നമുക്കു കഴിഞ്ഞിട്ടില്ല.

പുതിയ അജണ്ട

നാലാം പഠന കോണ്‍ഗ്രസിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് മേല്‍പ്പറഞ്ഞ ദൗര്‍ബല്യം തിരുത്തുകയാണ്. പുതിയ വളര്‍ച്ചാമേഖലകളില്‍ ഒരു വമ്പന്‍ കുതിപ്പ് നേടുന്നതിന് എന്തുവേണം? ഇതിനായി മറ്റു സംസ്ഥാനങ്ങളുമായി കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കാന്‍ നമ്മളില്ല. പിന്നെങ്ങനെയാണ് സ്വകാര്യമൂലധനത്തെ ഈ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുക? ഇപ്പോള്‍ അവതരിപ്പിക്കുന്ന രേഖയില്‍ ഇതിന് അത്യന്താപേക്ഷിതമായ രണ്ടുകാര്യങ്ങളാണ് പറയുന്നത്. ഒന്ന്, കേരളത്തിന്റെ ഭൗതിക പശ്ചാത്തലസൗകര്യങ്ങളെ ആധുനികവത്കരിക്കണം. അമ്പതിനായിരം കോടി രൂപയെങ്കിലും അടുത്ത ഒരു ദശകത്തിനുളളില്‍ പൊതുനിക്ഷേപമുണ്ടാകണം. രണ്ട്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസം വിപുലപ്പെടുത്തുകയും ഗുണനിലവാരം അന്തര്‍ദേശീയനിലയിലേയ്ക്ക് ഉയര്‍ത്തുകയും വേണം. ഇതു രണ്ടും കൈവരിക്കുന്നതിന് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട് കമ്പോളം സ്വതന്ത്രമാക്കി കോര്‍പറേറ്റു ശക്തികള്‍ക്കു കീഴടങ്ങുകയാണ്. വ്യവസായത്തില്‍ മാത്രമല്ല, വിദ്യാഭ്യാസത്തിലും സ്വതന്ത്രവിപണി മേഖലകള്‍ സൃഷ്ടിക്കാനാണ് അവരുടെ പരിപാടി. ഇതിനു ബദലായി പൊതുനിക്ഷേപവും സാമൂഹ്യനിയന്ത്രണത്തിലുളള നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുളള ഒരു തന്ത്രമാണ് ഇടതുപക്ഷം ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് ഒരു പ്രായോഗിക രൂപം ഈ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരത്തില്‍ പുതിയ മേഖലകളിലേയ്ക്ക് നിക്ഷേപവും മറ്റും തിരിയുമ്പോള്‍ ഇടതുപക്ഷത്തിന്റെ സാമൂഹ്യ അടിത്തറയായ പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മറ്റ് അസംഘടിത കൂലിവേലക്കാര്‍ തുടങ്ങിയവരുടെ വികസനത്തുറകളിലെന്തു സംഭവിക്കും? ഈ മേഖലകളില്‍ വരാന്‍പോകുന്ന തലമുറ അച്ഛനമ്മമാരുടെ കുലത്തൊഴിലല്ല, പുതിയ വളര്‍ച്ചാമേഖലയിലെ ആധുനികയോഗ്യതകള്‍ക്ക് അനുസരിച്ചുളള തൊഴിലുകളാണ് ലക്ഷ്യമിടുന്നത്. പക്ഷേ, ഇന്ന് ഈ തുറകളില്‍ പണിയെടുക്കുന്നവരെ സംരക്ഷിച്ചേ തീരൂ. ഇവര്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്ത്വം ഉറപ്പുവരുത്തിക്കൊണ്ടേ പുതിയ വികസനതന്ത്രം നടപ്പാക്കാനാവൂ. എന്താണ് ഇത്തരത്തിലുളള ഒരു സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്ത്വത്തിന്റെ ഘടകങ്ങള്‍. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവരെ എങ്ങനെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാം? ഇനിയും അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ എങ്ങനെ ഇല്ലാതാക്കാം? ഇതൊക്കെയാണ് പഠനകോണ്‍ഗ്രസിന്റെ മറ്റൊരു ചര്‍ച്ചാവിഷയം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനുളള പണം എങ്ങനെ ഉണ്ടാക്കാം? അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം കേരള ഖജനാവ് പാപ്പരാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം? വിഎസ് സര്‍ക്കാരിന്റെ അനുഭവങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചുകൊണ്ട് കൃത്യമായൊരു ധനസമാഹരണ തന്ത്രത്തിന് രൂപം നല്‍കാനാണ് പരിശ്രമം.

ഇതുവരെ പറഞ്ഞ വികസനതന്ത്രം സര്‍ക്കാരിനെ ചെറുതാക്കുകയല്ല, കൂടുതല്‍ ആഴത്തിലുളള സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാക്കുകയാണ് ചെയ്യുക. എന്നാല്‍ പുതിയ വികസനധര്‍മ്മങ്ങളേറ്റെടുക്കാന്‍ പര്യാപ്തമല്ല നമ്മുടെ ഭരണയന്ത്രം. നായനാര്‍ ഭരണപരിഷ്‌കാര കമ്മിഷന്റെ ശിപാര്‍ശകളൊന്നും ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനകീയാസൂത്രണത്തിന്റെ പുത്തന്‍ പതിപ്പ് സൃഷ്ടിച്ചുകൊണ്ടല്ലാതെ അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കാനാവില്ല.

വിസ്തരഭയത്താല്‍ ഇത്തരത്തിലോരോ മേഖലയുമെടുത്തു പരിശോധിക്കാനൊരുമ്പെടുന്നില്ല. നാലാം പഠനകോണ്‍ഗ്രസ് കേരള വികസന തന്ത്രത്തില്‍ വരുത്താന്‍ പോകുന്ന ഒരു സുപ്രധാന മാറ്റം സാംസ്‌ക്കാരികമേഖലയ്ക്ക് കല്‍പ്പിക്കുന്ന സ്ഥാനമാണ്. ഇത് ഇടതുപക്ഷ വികസന അജണ്ടയ്ക്ക് ഒരു പുതിയ മാനം നല്‍കും. സാംസ്‌ക്കാരിക മേഖലയ്ക്കുളള പദ്ധതി അടങ്കല്‍ ഇന്നത്തേതില്‍ നിന്ന് മൂന്നു മടങ്ങെങ്കിലും ഉയര്‍ത്തണമെന്നുളളതാണ് കാഴ്ചപ്പാട്. ഇതിനായുളള കര്‍മ്മ പരിപാടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും രേഖയിലുണ്ട്.

നാലാം പഠന കോണ്‍ഗ്രസ്സിൻറെ പ്രാധാന്യം CPI(M) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നു.#Kerala #Padanacongress #AKGCentre #EMS #CPIM #Kodiyeri #Development

Posted by Kerala Padana Congress 2016 on Sunday, January 3, 2016

ഇന്ന് പദ്ധതിയുടെ അര ശതമാനം പോലും സംസ്‌ക്കാരത്തിന് നീക്കിവയ്ക്കുന്നില്ല. ഇത് കേരളത്തിലെ വികസനാസൂത്രണത്തിലെ അടിസ്ഥാനപരമായ പാളിച്ചയാണ്. അതിവേഗം വളരുന്ന കേരളത്തെയാണല്ലോ നാം വിഭാവനം ചെയ്യുന്നത്. അങ്ങനെ ജനങ്ങളുടെ സാമ്പത്തിക നിലവാരം ഉയരുമ്പോള്‍ കേവലം ഉപഭോഗ സംസ്‌ക്കാരത്തിലേയ്ക്കു നാം വഴുതി വീണാല്‍ അത് നമ്മുടെ ജനാധിപത്യവും ജനകീയവുമായിട്ടുളള പാരമ്പര്യങ്ങളില്‍ നിന്നുളള വലിയ ഇടര്‍ച്ചയായിരിക്കും. വരുമാനം ഉയരുമ്പോള്‍ ഭൗതിക ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിന്റെ വര്‍ദ്ധനയോടൊപ്പം സാംസ്‌ക്കാരിക ഉല്‍പന്നങ്ങള്‍ക്കായുളള അഭിരുചിയും ഉയര്‍ന്നുവരും. നല്ല സാഹിത്യവും ചിത്രങ്ങളും സംഗീതവും സിനിമയും നാടകവുമെല്ലാം സാധാരണക്കാരനും പ്രാപ്യമാവുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു കേരളമാണ് നമുക്കു വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here