ഇന്‍ഡിക്കയുടെ പകരക്കാരനായി ടാറ്റ സിക്ക ഹാച്ച്ബാക്ക് ഈമാസം 20ന് വിപണിയിലെത്തും

ഈമാസം ടാറ്റയുടെ രണ്ട് പുതിയ കാറുകള്‍ വിപണിയിലെത്തും. ഇന്‍ഡിക്കയെ മാറ്റി പ്രതിഷ്ഠിച്ച് വിപണിയിലെത്തുന്ന ടാറ്റ സിക്ക ഹാച്ച്ബാക്കാണ് ആദ്യം എത്തുക. ജനുവരി 20ന് സിക്ക ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പുറകെ ടാറ്റയുടെ കൈറ്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഒരു സബ് കോംപാക്ട് സെഡാന്‍ കാറും വൈകാതെ വിപണിയില്‍ എത്തും. ഒരു സിപ്പി കാര്‍ ആയതിനാലാണ് വാഹനത്തിന് സിക്ക എന്നു പേരു നല്‍കിയതെന്ന് ടാറ്റ പറയുന്നു.

ടാറ്റ ഇന്‍ഡിക്കയുടെ അതേ XO പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് സിക്കയും പുറത്തിറങ്ങുന്നത്. എന്നാല്‍, പ്ലാറ്റ്‌ഫോം ഒരുപോലെ ആണെന്നതു ഒഴിച്ചാല്‍ മറ്റു താരതമ്യങ്ങളൊന്നും രണ്ടു കാറുകളും തമ്മില്‍ ഇല്ല. രൂപകല്‍പനയിലും സ്റ്റൈലിലും പുതുമയുമായാണ് സിക്ക എത്തുന്നത്. മത്സരാത്മക വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ എല്ലാ ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തിയാണ് സിക്ക എത്തുന്നത്. പുത്തന്‍പുതിയ ലുക്കും സിക്കയ്ക്ക് മിഴിവേകുന്നു.

മുന്നില്‍ നിന്ന് ഒറ്റത്തവണ നോക്കുമ്പോള്‍ തന്നെ രൂപകല്‍പനയിലെ മാറ്റം ശ്രദ്ധയില്‍ പെടും. ടാറ്റയുടെ സിഗ്നേച്ചര്‍ ഹണി കോംപ് ഗ്രില്‍ ആണ് പ്രത്യേകത. അല്‍പം പുറകിലേക്ക് ചെരിഞ്ഞ വലിയ ഹെഡ്‌ലാംപുകളും അല്‍പം തടിച്ച ബംപറുമാണ്. വലിയ വട്ടത്തിലുള്ള ഫോഗ് ലാംപുകള്‍, എയര്‍ ഡാം തുടങ്ങിയവയും മുന്‍വശത്തു തന്നെ എടുത്തു പറയേണ്ട മാറ്റങ്ങളാണ്. വശങ്ങളില്‍ അല്‍പം കൂടി ഷാര്‍പണ്‍ ചെയ്തിട്ടുണ്ട്. ഭംഗിയായി ഡിസൈന്‍ ചെയ്ത 10 സ്‌പോക് അലോയ് വീലുകളും ഉണ്ട്.

ഇന്റീരിയറിലേക്ക് കടന്നാല്‍, പ്രീമിയം ക്വാളിറ്റി ഫിനിഷിംഗാണ് അകത്ത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. 1.05 ലീറ്റര്‍ 3 സിലിണ്ടര്‍ റിവോടോര്‍ക് ഡീസല്‍ എന്‍ജിന്‍ 67 ബിഎച്ച്പിയില്‍ 140 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 83 ബിഎച്ച്പിയില്‍ 114 എന്‍എം ടോര്‍ക്ക് കരുത്ത് പകരും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here