വിവരാവകാശ കമ്മീഷനില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി; ഹൈക്കോടതിയെ മറികടന്ന് കമ്മീഷണര്‍മാരെ നിയമിക്കാന്‍ നീക്കം; വിഎസ് വിയോജനക്കുറിപ്പ് എഴുതിയേക്കും

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന് വിവരാവകാശ കമ്മീഷനിലേക്ക് ഇഷ്ടക്കാരെ നിയമിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ലഭ്യമായ അപേക്ഷകള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കണമെന്ന കോടതി ഉത്തരവ് കാറ്റില്‍ പറത്തി 15 പേരുടെ ചുരുക്കപട്ടിക തയ്യാറായി. മുഖ്യമന്ത്രിയുടെ കീഴിലെ പൊതുഭരണ വകുപ്പാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശമേറ്റ് വാങ്ങിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളും അന്തിമപട്ടികയില്‍ ഉണ്ട്.

ആറ് ആഴ്ച്ചക്കകം വിവാവകാശ കമ്മീഷനിലെ ഒഴിവുളള പദവികള്‍ നികത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോടതി ഉത്തരവ് പ്രകാരമുളള കലാവധി ജനുവരി 15 ന് അവസാനിക്കാന്‍ ഇരിക്കെ രാഷ്ട്രീയ ഇടനാഴികളില്‍ ഇതിനായുളള ചരടുവലികള്‍ സജീവമായി കഴിഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ആകാനുളള അപേക്ഷ നല്‍കിയവരില്‍ മുതിര്‍ന്ന ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ വിവരാവകാശ പ്രവര്‍ത്തകര്‍ വരെയുണ്ട്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണികുട്ടി ഏബ്രഹാം, മുന്‍ അഢീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ്, മുന്‍ സെന്‍സസ് ഡയറക്ടര്‍ വിഎം ഗോപാലമേനോന്‍, മുന്‍ ധനവകുപ്പ് അഢീഷണല്‍ സെക്രട്ടറി ജേക്കബ് വര്‍ഗീസ്, പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍, അജയകുമാര്‍ ഐഎഎസ്, കൊല്ലം ജില്ലയുടെ മുന്‍ കളക്ടര്‍ സിജെ തോമസ് തുടങ്ങിയ പ്രമുഖരുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

മാതൃഭൂമി ദിനപത്രത്തിലെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചുച്ചിറ മധു, മുന്നാക്ക കോര്‍പ്പറേഷന്‍ അംഗം അംഗത്തില്‍ ജയകുമാര്‍, മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ബോണി കുര്യാക്കോസ് എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ച മറ്റ് പ്രമുഖര്‍. നേരത്തെ സാധ്യത കല്‍പ്പിക്കപ്പെട്ട പ്രമുഖരായിരുന്ന കേരളകൗമുദിയിലെ അസോസിയേറ്റ് എഡിറ്റര്‍ പിപി ജയിംസ്, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് എന്നീവര്‍ അപേക്ഷ സമര്‍പ്പിച്ചില്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സണ്ണികുട്ടി ഏബ്രഹാമിന്റെ പേരിനാണ് കോണ്‍ഗ്രസില്‍ നിന്ന് മുന്‍തൂക്കം. ഇത് എബികുര്യാക്കോസിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഘടകകക്ഷികള്‍ ഒന്നിലധികം പേരുകള്‍ നല്‍കിയതും പേരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലും ഏകാഭിപ്രായം ഇല്ലാതതും ആര് വരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം കൂട്ടുന്നു.

വിതുര ശശി, കുര്യാക്കോസ് കുമ്പളക്കുഴി, സോണി ബി തെങ്ങമം, എംഎന്‍ ഗുണവര്‍ദ്ധന്‍ എന്നിവരാണ് അടുത്തിടെ കമ്മീഷനില്‍നിന്ന് ഒഴിഞ്ഞത്. ഈ നാല് ഒഴിവുകളാണ് നിലവില്‍ വിവരാവകാശ കമ്മീഷനില്‍ ഉളളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രിസഭാ പ്രതിനിധിയായി പികെ കുഞ്ഞാലികുട്ടി എന്നിവരടങ്ങുന്ന സമിതിയാണ് വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.

നമിത് ശര്‍മ്മ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയ മാനദ്ധങ്ങള്‍ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്. ആദ്യം 269 പേരുടെ അപേക്ഷയാണ് സര്‍ക്കാരില്‍ ലഭിച്ചത്. അതില്‍ നിന്ന് 237 പേരുടെ പട്ടിക തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ കീഴിലെ പൊതുഭരണ വകുപ്പാണ്. 237 പേരുടെ പട്ടിക ഏറ്റവും ഒടുവില്‍ 15 ആയി ചുരുങ്ങി.

വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതി യോഗം ചേരുമ്പോള്‍ പട്ടിക ചുരുക്കിയത് ക്രമപ്രകാരമല്ലെന്ന് ചൂണ്ടികാട്ടി വിഎസ് വിജോയനകുറിപ്പ് എഴുതിയേക്കും. ഇത് മുന്‍കൂട്ടി കണ്ട് ഫയല്‍ മാത്രം വിഎസിന് കൈമാറാനുളള നീക്കവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. നിയമം, ഭരണം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ നിയമിക്കണമെന്നതാണ് വിവരാവകാശ നിയമത്തില്‍ പറയുന്നത്. അപേക്ഷകള്‍ സുതാര്യമാക്കാതെ ഒളിച്ച് വെക്കുന്നത് വഴി സര്‍ക്കാരിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News