സഹായിക്കാന്‍ മാക്ട; സിനിമാ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുന്നു; ‘ആടുപുലിയാട്ടം’ ചിത്രീകരണം തുടങ്ങി

കൊച്ചി: സിനിമ നിര്‍മാതാക്കളും ഫെഫ്കയും തമ്മിലുള്ള തര്‍ക്കം മൂലം നിലച്ചിരുന്ന ചിത്രീകരണങ്ങള്‍ പുനരാരംഭിച്ചു. മാക്ട ഫെഡറേഷന്‍ തൊഴിലാളികളെ നല്‍കി ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം തെങ്കാശ്ശിയില്‍ പുരോഗമിക്കുന്നു. സിനിമാ മേഖലയെ തകര്‍ക്കുന്ന ഫെഫ്ക്കയുടെ പിടിവാശിക്കെതിരെയാണ് തങ്ങള്‍ ജോലിചെയ്യുന്നതെന്ന് ആടുപുലിയാട്ടത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഫെഫ്കയും സിനിമ നിര്‍മാതാക്കളും തമ്മിലുള്ള വേതന തര്‍ക്കം മൂലം നിലച്ചിരുന്ന ചിത്രീകരണങ്ങളാണ് സിനിമ നിര്‍മാതാക്കളുടെ ഒരു വിഭാഗം പുനരുജ്ജീവിപ്പിച്ച മാക്ട ഫെഡറേഷന്റെ സഹായത്തോടെ പുനരാരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ അണിയറജോലികളില്‍ മുപ്പത്തഞ്ചോളം തൊഴിലാളികളാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് ഇരുപതുശതമാനം വേതനം വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായെങ്കിലും, ഫെഫ്ക ചര്‍ച്ചയ്ക്കുപോലും ഇതുവരെ തയ്യാറായിട്ടില്ല. ഫെഫ്കയുടെ കടുംപിടുത്തം തൊഴിലാളികളുടെ ജീവിതമാര്‍ഗം തകര്‍ക്കുകയാണെന്നാണ് ഇവരുടെ പക്ഷം. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതനം മാത്രമാണ് ഇവര്‍ വാങ്ങുന്നത്. നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്ന വേതനം അനുസരിച്ച് ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ആടുപുലിയാട്ടത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ അനില്‍ പറഞ്ഞു.

ആടുപുലിയാട്ടത്തില്‍ ജയറാമിനെ കൂടാതെ പ്രശസ്ത ബോളിവുഡ്താരം ഓംപുരിയും രമ്യാകൃഷ്ണനും മുഖ്യവേഷങ്ങളിലെത്തുന്നു. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുഴുനീള ഹൊറര്‍ ഹ്യൂമര്‍ ചിത്രമായ ആടുപുലിയാട്ടത്തിന്റെ സംവിധാനം കണ്ണന്‍താമരക്കുളവും തിരക്കഥ ദിനേശ് പള്ളത്തുമാണ് നിര്‍വഹിക്കുന്നത്. തൊഴിലാളികള്‍ ജോലിചെയ്യാന്‍ തയ്യാറായതോടെ ആടുപുലിയാട്ടത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഈ മാസം 12 ന് തെങ്കാശിയില്‍ ആരംഭിക്കുമെന്ന് സംവിധായകനും നിര്‍മ്മാതാക്കളും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News