ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി; പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയ; പരീക്ഷണത്തെ തുടര്‍ന്ന് 5.1 തീവ്രതയില്‍ ഭൂചലനം

സിയൂള്‍: വടക്കന്‍ കൊറിയ ആണവപരീക്ഷണം നടത്തി. ഉത്തരകൊറിയ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പരീക്ഷണം വിജയകരമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് നടത്തിയത്. പരീക്ഷണത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തെ തുടര്‍ന്ന് ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അപ്പോള്‍ തന്നെ ഇത് കൃത്രിമമാണെന്നും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ഒരു ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണ കേന്ദ്രത്തിനടുത്ത് നേരിയ ഭൂചലനം ഉണ്ടായതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയും 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇത് കൃത്രിമഭൂചലനമാണെന്ന് അപ്പോള്‍ തന്നെ അനുമാനം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതാകാമെന്ന അനുമാനം മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു. ചൈനയും യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഇതേ സംശയം പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയ പരീക്ഷണം സ്ഥിരീകരിച്ച് രംഗത്തെത്തിയത്.
വടക്കന്‍ കൊറിയ ഇതുവരെ മൂന്ന് ഭൂഗര്‍ഭ ആണവപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 2006 മുതലുള്ള കണക്കാണിത്. 2006, 2009, 2013 വര്‍ഷങ്ങളിലാണ് പരീക്ഷണം നടത്തിയിട്ടുള്ളത്. പുന്‍ജിയെ എന്ന സ്ഥലത്താണ് ഈ പരീക്ഷണങ്ങളെല്ലാം നടത്തിയിട്ടുള്ളത്. ഇവിടെ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷണം നടത്തിയത്. മുന്‍പ് പരീക്ഷണം നടത്തിയപ്പോള്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം അടക്കം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടത്തിയ പരീക്ഷണം ഉത്തരകൊറിയയെ അന്താരാഷ്ട്ര തലത്തില്‍ ഏറെ ഒറ്റപ്പെടുത്തുമെന്ന് നയതന്ത്ര വിദഗ്ധര്‍ കണക്കാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here