കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് താനുള്‍പ്പെടെയുള്ള സ്ത്രീസമൂഹം പ്രതീക്ഷിക്കുന്നത് നിലവാരമില്ലാത്ത പെരുമാറ്റമല്ലെന്ന് നടി മഞ്ജു വാര്യര്‍. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നല്‍കിയതെന്നും മഞ്ജു പറഞ്ഞു. തനിക്കെതിരെ അശ്ലീല കമന്റിട്ട് പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.
ഒരാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, മറിച്ച് സ്ത്രീകളുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. പരാതി വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ളതല്ല. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്നുള്ള പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ്. സോഷ്യല്‍മീഡിയയില്‍ അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്നും സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.
പൊലീസുകാരുടെ മനോഭാവം തന്നെ ഇതാണെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വമെന്നും മഞ്ജു ചോദിക്കുന്നു.
ഫേസ്ബുക്ക് പേജില്‍ എന്തു പോസ്റ്റ് ചെയ്താലും മോശപ്പെട്ട പരാമര്‍ശങ്ങള്‍ ചിലര്‍ ഇടാറുണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ വേദനിപ്പിക്കുന്നവരുമുണ്ട്. അത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂവെന്നും താരം പറഞ്ഞു.
മഞ്ജു വാര്യരെ ഫേസ്ബുക്കില്‍ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം രഞ്ജുമോനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതിന് കീഴെ, പൊലീസുകാരന്‍ അപമാനകരമായ കമന്റ് ഇടുകയായിരുന്നു. യൂണിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പൊലീസുകാരന്റെ പേജില്‍ നിന്ന് തന്നെ വിവരങ്ങളെടുത്ത് മഞ്ജു ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post