തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനു മേല്‍ കുരുക്കു മുറുക്കി വിജിലന്‍സ്. മൈക്രോഫിനാന്‍സില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പു നടന്നതായി കണ്ടെത്തിയെന്നു പ്രത്യേക കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി. വി എസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സിന്റെ വിശദീകരണം. വെള്ളാപ്പള്ളി നടേശന്‍ പദ്ധതിയിലൂടെ തട്ടിപ്പു നടത്തിയതായി ഇതോടെ വ്യക്തമായി. പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബിനെതിരേ നടപടിക്കും വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ശശീന്ദ്രനാണ് തട്ടിപ്പു സ്ഥിരീകരിച്ചതായി കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് കോടതിക്കു നല്‍കിയിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നു കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മൈക്രോഫിനാന്‍സിന്റെ മറവില്‍ വന്‍ തട്ടിപ്പു നടത്തിയതായും അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ വിഎസിന്റെ ആവശ്യം. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കേസ് പതിനൊന്നിലേക്കു മാറ്റിയിട്ടുണ്ട്.
നേരത്തേ, പീപ്പിള്‍ ടിവിയാണ് മൈക്രോഫിനാന്‍സ് തട്ടിപ്പു പുറത്തുവിട്ടത്. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്നും ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശയ്ക്കു പണം വാങ്ങി മൈക്രോഫിനാന്‍സിന്റെ പേരില്‍ കൊള്ളപ്പലിശയ്ക്കു മറിച്ചു നല്‍കുകയായിരുന്നു വെള്ളാപ്പള്ളി എന്നു തെളിവു സഹിതമാണ് പീപ്പിള്‍ വാര്‍ത്ത പുറത്തുവിട്ടത്. തട്ടിപ്പിനു കൂട്ടുനിന്നെന്നു കാട്ടിയാണ് നജീബിനെതിരേ നടപടിക്കു വിജിലന്‍സ് ശിപാര്‍ശ നല്‍കിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്എന്‍ഡിപി ശാഖാ യോഗങ്ങള്‍ വഴിയാണ് വെള്ളാപ്പള്ളി തട്ടിപ്പു നടത്തിയത്. കോടിക്കണക്കിനു രൂപ ഇത്തരത്തില്‍ തട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാലു ശതമാനം വാര്‍ഷിക പരിശയ്ക്കു ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വാങ്ങിയ പണം ഇരുപതു ശതമാനം വരെ പലിശയ്ക്കാണ് വെള്ളാപ്പള്ളി മൈക്രോഫിനാന്‍സിലൂടെ മറിച്ചുനല്‍കിയിരുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വട്ടിപ്പലിശക്കാരേക്കാളും ക്രൂരമായ രീതിയില്‍ പറ്റിക്കുന്ന രീതിയിലാണ് മൈക്രോഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ജില്ലകളില്‍ വെള്ളാപ്പള്ളിക്കും വിവിധ എസ്എന്‍ഡിപിയോഗം ഭാരവാഹികള്‍ക്കുമെതിരേ കേസുമുണ്ട്.

Get real time update about this post categories directly on your device, subscribe now.