ദില്ലി: ഹിമാലയത്തെ പിടിച്ചുകുലുക്കി ഉഗ്ര ഭൂകമ്പം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.2 ലധികം തീവ്രതരേഖപ്പെടുത്തുന്നതായിരിക്കും ഭൂചലനമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്ത നിവാരണ വിദഗ്ധരുടെ പ്രവചനം. അടുത്തകാലത്ത് ഇന്ത്യന്‍ മേഖലയിലുണ്ടായതില്‍വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരിക്കും ഇത്.
കഴിഞ്ഞദിവസം മണിപ്പൂരില്‍ ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പം 7.3 ഉം 2011ല്‍ സിക്കിമിലുണ്ടായ ഭൂകമ്പം 6.9 ഉം ആണ് തീവ്രത രേഖപ്പെടുത്തിയത്. അടുത്തകാലത്തുണ്ടായ ഭൂകമ്പങ്ങളില്‍ ഭൂഗര്‍ഭ പാളികള്‍ക്കു കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അടുത്ത ഭൂകമ്പത്തിന്റെ തീവ്രത കടുത്ത രീതിയിലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നേപ്പാള്‍ ഭൂകമ്പത്തെത്തുടര്‍ന്നു ഭൗമാന്തര ചലനങ്ങളെക്കുറിച്ചുള്ള പഠനമാണ് വരാനിരിക്കുന്ന ഉഗ്രഭൂകമ്പത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പര്‍വതങ്ങളെയായിരിക്കും ഭൂചലനം ഏറെ കടുത്ത രീതിയില്‍ ബാധിക്കുക. ഈ മേഖലയിലെ കെട്ടിടങ്ങളുടെ നിര്‍മാണരീതിയ കാര്യമായി പഠിക്കേണ്ടതാണെന്നും അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങള്‍ അതീവ അപായം വിളിച്ചുവരുത്തുന്നവയായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുന്ന ടെക്ടോണിക് പ്ലേറ്റിലാണ് കൂടുതല്‍ അപായമുണ്ടാവുക. ഭൂകമ്പമുണ്ടായാല്‍ ഇന്ത്യയില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാകും. സീസ്മിക് സോണ്‍ നാലിനു കീഴില്‍ വരുന്ന മേഖലയാണിത്. എട്ടിനു മുകളില്‍ തീവ്രതയുണ്ടാകുന്ന നാലു ഭൂകമ്പകങ്ങളാണ് ഉണ്ടാവുക. എത്രയും വേഗം ഈ ഭൂകമ്പകള്‍ ഉണ്ടാകുന്നതാണ് തീവ്രത കുറയ്ക്കുകയെന്നും വൈകുന്തോറും അതീവ അപായങ്ങളായിരിക്കും സംഭവിക്കുക എന്നും വിദഗ്ധര്‍ പറയുന്നു.
ഹിമാലയന്‍ പ്ലേറ്റും ഇന്‍ഡോ ബര്‍മീസ് പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിയായിരിക്കും നാലു ഭൂകമ്പങ്ങള്‍ക്കും കാരണമാവുക. ഇന്ത്യയെ നാലു ഭൂകമ്പ മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഭൗമാന്തര ചലനങ്ങള്‍ ഏറ്റവും സജീവമായി നടക്കുന്ന അഞ്ചാം സോണ്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബിഹാര്‍, ഉത്തര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഉള്‍പ്പെടുക. ദില്ലി നാലാം സോണിലാണ് വരിക. ഇരു സോണുകളിലും രൂക്ഷമായ അപകടങ്ങള്‍ വിതയ്ക്കുന്നതായിരിക്കും വരാനിരിക്കുന്ന ഭൂകമ്പം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here