വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ വൃഷ്ണങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സമദിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്.

കോഴിക്കോട്ടുനിന്നു ചെമ്മാട്ടേക്കുള്ള ബസിലാണ് സമദിന് മര്‍ദനമേറ്റത്. ഭിന്നശേഷിക്കാരനായതിനാല്‍ സീറ്റിലിരിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചിരുന്നില്ല. സീറ്റിലിരുന്നതിനെത്തുടര്‍ന്നു സമദിനെ കണ്ടക്ടറും മറ്റു ജീവനക്കാരും ചേര്‍ന്നു ചവിട്ടുകയായിരുന്നു. ചേളാരി കിന്‍ഫ്രയ്ക്കടുത്തുള്ള ബേക്കറിയില്‍ പായ്ക്കിംഗ് തൊഴിലാളിയാണ് സമദ്. ഭിന്നശേഷിക്കാരെ സാധാരണ ഗതിയില്‍ സീറ്റില്‍ ഇരിക്കാന്‍ ഈ റൂട്ടിലെ ബസ് ജീവനക്കാര്‍ അനുവദിക്കാറില്ല. പാസില്‍ യാത്രചെയ്യുന്നതിനാലാണ് ജീവനക്കാര്‍ ഇരുന്നു യാത്രചെയ്യാന്‍ അനുവദിക്കാത്തത്.

കഴിഞ്ഞദിവസം നടക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടു സമദിനെ സഹോദരനാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടവച്ചു ഡോക്ടറോടാണ് സമദ് ചവിട്ടുകിട്ടിയ കാര്യം പറഞ്ഞത്. തുടര്‍ന്ന്, മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. അടുത്തിടെയാണ് സമദിന് വികലാംഗപാസ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here