കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ കേരള രക്ഷാമാര്‍ച്ച് നടത്തുകയാണ്. കേരളത്തെ ആരില്‍നിന്ന് രക്ഷിക്കാനാണ് സുധീരന്റെ മാര്‍ച്ച് എന്ന ചോദ്യം പൊതുവില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കേരളം ഭരിക്കുന്നത് സുധീരന്റെ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണ്. ആ ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാണോ ഈ ജാഥ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് സുധീരന്റെ മറുപടി. പിന്നെ ആരില്‍ നിന്ന് രക്ഷിക്കാന്‍? ഉമ്മന്‍ചാണ്ടിയില്‍ നിന്ന് രക്ഷിച്ച് ചെന്നിത്തലയെ ഏല്‍പിക്കാനോ? അതൊ തനിക്ക് സ്വയം ഏറ്റെടുക്കാനോ? ഉത്തരമില്ലാത്ത ചോദ്യമാണിത്. വിശേഷിച്ചും ഇന്നത്തെ കേരള രാഷട്രീയം ശ്രദ്ധിക്കുന്ന ഒരാളും തന്നെ ഐക്യ ജനാധിപത്യ മുന്നണിക്ക് അധികാര തുടര്‍ച്ചയുണ്ടാക്കാനാവും എന്ന് പ്രതീക്ഷിക്കുന്നില്ല. പത്ര സമ്മേളനത്തില്‍ സുധീരന്‍ അവകാശപ്പെട്ടത് ബി ജെ പിയുടെ വര്‍ഗീയ ഫാസിസത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് മാത്രമെ കഴിയു എന്നാണ്.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ജെ എസ് എസ് ഐക്യ ജനാധിപത്യമുന്നണി വിഭാഗം നേതാവ് രാജന്‍ ബാബുവിനോട് നിലപാട് വ്യക്തമാക്കാന്‍ സുധീരന് ആവശ്യപ്പെടേണ്ടതായി വന്നു. ആലുവയില്‍ വെച്ച് വര്‍ഗീയ വളര്‍ത്തുന്ന പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനായി ഓടി നടക്കുന്ന രാജന്‍ ബാബുവിനോടാണ് സുധീരന് പരസ്യമായി വിയോജിപ്പ് അറിയിക്കേണ്ടതായി വന്നത്. ഇതേ വെള്ളാപ്പള്ളി ബി ജെ പിയേക്കാള്‍ കടുത്ത വര്‍ഗീയ വിദ്വേഷം പരത്തികൊണ്ട് സമത്വസന്ദേശയാത്ര നടത്തിയപ്പോള്‍ അതിന്റെ ഒരു സ്വീകരണ കേന്ദ്രത്തില്‍ പോയി അഭിവാദ്യമര്‍പ്പിക്കാന്‍ ഐക്യജനാധിപത്യ മുന്നണിയിലെ മറ്റൊരു നേതാവ് പോയിരുന്നു. സാക്ഷാല്‍ കെ എം മാണി. രാജന്‍ ബാബു ചെയ്തത് വക്കീല്‍പ്പണിയാണെന്ന ന്യായം പറയാനാവും. എന്നാല്‍ മാണി ചെയ്തതിന് എന്ന് ന്യായമാണ് പറയാനുള്ളത്. അന്ന് സുധീരന്റെ നാവ് ഇറങ്ങിപ്പോയിരിക്കുകയായിരുന്നൊ? രാജന്‍ ബാബുവിന്റെ പാര്‍ട്ടിയില്‍ എം എല്‍ എമാരില്ല. അത്‌കൊണ്ട് രാജന്‍ ബാബുവിനെ വിരട്ടാം; പുറത്താക്കാം എന്നാല്‍ കെ എം മാണിയുടെ കൂടെ എം എല്‍ എമാരുണ്ട്. അതുകൊണ്ട് മാണിയെക്കണ്ടാല്‍ മുട്ടിടിക്കും; അതാണ് സുധീരന്‍ എന്ന’ആദര്‍ശശാലി’യുടെ ഇപ്പോഴത്തെ സ്ഥിതി.
ജാഥ ആരംഭത്തിന്റെ ഭാഗമായി ജനുവവരി നാലിലെ മാതൃഭൂമിയില്‍ സുധീരന്റെ ലേഖനം വന്നിട്ടുണ്ട്. ”അന്ധമായ കോണ്‍ഗ്രസ് വിരോധം കാരണം വര്‍ഗീയ ഫാസിസത്തെ പിന്തുണക്കുകയെന്നത് സിപിഐഎമ്മിന്റെ എക്കാലത്തെയും നയമാണെ”ന്നാണ് സുധീരന്‍ ആക്ഷേപിക്കുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പൂര്‍വ്വരൂപമായ ജനസംഘവുമായി സിപിഐഎം ഐക്യത്തിലായിരുന്നു; 1989ല്‍ വി പി സിംഗിന്റെ സര്‍ക്കാരിനെ ബിജെപിയും സിപിഐഎമ്മും ഒരുമിച്ചു ചേര്‍ന്നാണ് പിന്തുണച്ചത്; എന്നൊക്കെയാണ് ഇതിനാധാരമായി അദ്ദേഹം തെളിവുകള്‍ നിരത്തിയിരിക്കുന്നത്.
1975 ജൂണ്‍ 25നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അര്‍ധഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തത്. കോണ്‍ഗ്രസിലെ തന്നെ യുവതുര്‍ക്കികളായ ചന്ദ്രശേഖറിനെപ്പോലുള്ളവരെ ജയിലിലടച്ചായിരുന്നു ഇന്ദിരാഗാന്ധി ഭരണം മുന്നോട്ടു പോയത്. കേരളത്തിലെ യുവതുര്‍ക്കികള്‍ മാളത്തിലൊളിച്ചതുകൊണ്ട് ജയിലില്‍ കിടക്കേണ്ടിവന്നില്ല. എതിര്‍ത്തു പറയുന്നവരൊക്കെ ജയിലിലടയ്ക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്യുന്നസ്ഥിതിയാണന്നുണ്ടായിരുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീമതി ഗാന്ധി 1977-ല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അപ്പോഴാണ് ഇന്ദിരാഗാന്ധിക്കെതിരായി വിശാലസഖ്യം രൂപീകരിക്കുന്നതിന് ജയപ്രകാശ് നാരായണന്‍ മുന്നോട്ടുവന്നത്. സിപിഐഎമ്മിനോട് ആ സഖ്യത്തില്‍ ചേരാനും പിന്നീട് ജനതാപാര്‍ട്ടിയില്‍ ലയിക്കാനുമൊക്കെ ജയപ്രകാശ് നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും സിപിഐഎം അതിന് തയ്യാറാവാതെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി എന്നുമാത്രമല്ല സോഷ്യലിസ്റ്റുകള്‍ ജസംഘവുമായി കൂട്ടുചേരുന്നത് പുനരാലോചന.യ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുക കൂടെ ചെയ്തു. എന്തായാലും ജനതാപാര്‍ട്ടി നിലവില്‍ വന്നു. അതുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കി ഇന്ദിരാഗാന്ധിയുടെ അമിതാധികാരവാഴ്ചക്ക് അന്ത്യം കാണാന്‍ സിപിഐഎം തയ്യാറായി എന്നത് ചരിത്രമാണ്. പക്ഷെ തെരഞ്ഞെടുപ്പുധാരണ ജനസംഘവുമായിട്ടല്ല ജനതാപാര്‍ട്ടിയുമായാണ് സിപിഐഎം ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും അധികാരഭ്രഷ്ടയാവുകയും ചെയ്തു. ആ ഇന്ദിരാഗാന്ധിക്കെതിരായാണ് കേരളത്തില്‍ ആന്റണി കോണ്‍ഗ്രസുണ്ടാവുന്നത്. അന്ന് സുധീരന്‍ ആ ആന്റണി കോണ്‍ഗ്രസിലുണ്ടായിരുന്നു എന്നുമാത്രമല്ല ആന്റണി കോണ്‍ഗ്രസ് സിപിഐഎമ്മുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷിയായി ഇരിക്കുകയും ചെയ്തു.
ഇനി രണ്ടാമത്തെ ആക്ഷേപം 1989ല്‍ വി പി സിംഗ് മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ ബി ജെ പിയും സിപിഐഎമ്മും ഉണ്ടായിരുന്നുവെന്നതാണ് സിപിഐഎം അന്ന് വി പി സിംഗിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിന് വച്ച നിബന്ധന ബിജെപിയെ മന്ത്രിസഭയില്‍ എടുക്കാന്‍ പാടില്ല എന്നതായിരുന്നു. അതായത് ബിജെപിയെ അധികാരത്തില്‍ നിന്നൊഴിവാക്കി നിര്‍ത്തുന്നതിന് വേണ്ടിയാണ് അന്ന് സിപിഐഎം പിന്തുണ നല്‍കിയത് എന്നതാണ് വസ്തുത. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ആ മതനിരപേക്ഷ മന്ത്രിസഭയെ മറിച്ചിട്ടത് എന്നകാര്യം സുധീരന്‍ മറന്നുകാണും.
ബിഹാറിലെ മഹാസഖ്യത്തില്‍ ഇടതുപക്ഷം പങ്കാളിയായിരുന്നില്ല. അതിനാല്‍ ബിജെപിക്ക് ചില സീറ്റുകള്‍ കിട്ടി എന്നാണ് മറ്റൊരു വാദം. ഇത് വസ്തുതാപരമല്ലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. ഇന്ത്യയില്‍ വര്‍ഗീയത വളരുന്നതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന വസ്തുത സുധീരന് നിഷേധിക്കാനാവുമോ? 1991-ല്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യയില്‍ വര്‍ഗീയത ശക്തിപ്പെട്ടത്. ദേശീയ മുന്നണിയെ പിന്തുണച്ചും കോണ്‍ഗ്രസ് മുന്നണിയെ പിന്തുണച്ചുമൊക്കെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് സിപിഐഎമ്മും ഇടതുപക്ഷവും നടത്തിയത്. എന്നാല്‍ ജനദ്രോഹനയങ്ങളിലൂടെ ബിജെപിയുടെ വളര്‍ച്ചയ്ക്കാവശ്യമായ വളവും വെള്ളവും നല്‍കിയത് കോണ്‍ഗ്രസായിരുന്നു. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളും എംപിമാരും ബിജെപിയിലേക്ക് കൂടുവിട്ടുകൂടുമാറുന്ന കാഴ്ച നാം ഇന്ത്യയിലാകമാനം കണ്ടതാണ്. ഗോവധനിരോധന കാര്യത്തില്‍ ദിഗ് വിജയ് സിംഗ് എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയേക്കാള്‍ ശക്തമായ നിലപാടാണുള്ളത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ ആര്‍എസ്എസിനും ബിജെപിക്കുമെതിരായി എപ്പോഴെങ്കിലും ശക്തമായ നിലപാടെടുത്തിട്ടുണ്ടൊ? വര്‍ഗീയ വിഷം ചീറ്റുന്ന തൊഗാഡിയക്കെതിരായ കേസടക്കം പിന്‍വലിച്ച ചരിത്രമല്ലേ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിനുള്ളത്. അത്തരക്കാര്‍ വര്‍ഗീയ ഫാസിസത്തിനെതിരെ ഉറച്ച നിലപാടെടുക്കുമെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവരൊന്നും തന്നെ അത് വിശ്വസിക്കാന്‍ പോകുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here