ചെന്നൈ: ദ ഹിന്ദു പത്രാധിപ സ്ഥാനത്തുനിന്നു മാലിനി പാര്‍ഥസാരഥി രാജിവച്ചു. പതിനൊന്നു മാസം മുമ്പാണ് മാലിനി പാര്‍ഥസാരഥി ഹിന്ദുവിന്റെ എഡിറ്ററായി ചുമതലയേറ്റത്. ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന മാനേജ്‌മെന്റിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തന്റെ തീരുമാനമെന്നും മാലിനി രാജിക്കത്തില്‍ വിശദീകരിക്കുന്നു.
രാജി സ്വീകരിച്ച മാനേജ്‌മെന്റ് സുരേഷ് നമ്പത്തിന് എഡിറ്ററുടെ ചുമതല നല്‍കി. ഇന്നലെയാണ് മാലിനി രാജി നല്‍കിയത്. പുതിയ പത്രാധിപര്‍ ചുമതലയേല്‍ക്കുന്നതുവരെ നാഷണല്‍ എഡിറ്ററായ സുരേഷ് നമ്പത്തിനായിരിക്കും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നു ഹിന്ദു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം ജീവനക്കാരെ അറിയിച്ചു. മുംബൈ എഡിഷന്‍ ആരംഭിച്ചത് കമ്പനിക്കു വന്‍തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന പേരില്‍ മാലിനിയും മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നാണു റിപ്പോര്‍ട്ട്.
പതിനൊന്നു മാസം മുമ്പു മാത്രം എഡിറ്ററായി ചുമതലയേറ്റ താന്‍ പ്രവര്‍ത്തനത്തില്‍ അതൃപ്തികരമാണെന്നു മാനേജ്‌മെന്റ് വിലയിരുത്തുന്നു എന്നും വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ ഇത്തരത്തില്‍ വിലയിരുത്തിയതില്‍ അതീവ ദുഃഖമുണ്ടെന്നും സഹപ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍ മാലിനി വ്യക്തമാക്കി. കഴിവുറ്റവരെ വേണ്ട ഇടങ്ങളില്‍ നിയോഗിക്കാനും മുംബൈ എഡിഷന്‍ ആരംഭിച്ചതിലൂടെ നേട്ടമുണ്ടാക്കാനായെന്നും താന്‍ വിശ്വസിക്കുന്നു എന്നും വ്യക്തിപരമായി സംതൃപ്തിയോടെയാണ് രാജിവയ്ക്കുന്നതെന്നും കത്തില്‍ പറയുന്നു. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ മാധ്യമകാലഘട്ടത്തില്‍ ഹിന്ദുവിനെ മികവുറ്റ നിലയിലേക്കുയര്‍ത്തുന്നതില്‍ മാലിനി ശ്രദ്ധേയമായ പങ്കുവഹിച്ചു എന്നു വിലയിരുത്തുന്നവരും ഉണ്ട്. അതേസമയം, മാലിനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായാണ് പി സായ്‌നാഥ് അടക്കമുള്ളവര്‍ ഹിന്ദു വിട്ടതെന്നതും ശ്രദ്ധേയമാണ്. ഓപ്പണ്‍ എഡിറ്റ് പേജ് എഡിറ്ററായിരുന്ന രാഹുല്‍ പണ്ഡിതയുടെ രാജിയും ചര്‍ച്ചയായിരുന്നു. വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള എഡിറ്റര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത നിലയിലായിരുന്നു മാലിനിയുടെ പ്രവര്‍ത്തനമെന്നാരോപിച്ചായിരുന്നു പണ്ഡിതയുടെ രാജി. സ്റ്റാറ്റജിക് അഫയേഴ്‌സ് എഡിറ്ററായിരുന്നു പ്രവീണ്‍ സ്വാമിയുടെ രാജിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
അടുത്തകാലത്തായി, ഹിന്ദുവില്‍ നിരവധി പ്രമുഖരുടെ രാജിയുണ്ടായിരുന്നു. മാലിനിക്കു മുമ്പ് എഡിറ്റരായിരുന്നു സിദ്ധാര്‍ഥ് വരദരാജനും മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് സ്ഥാപനം വിട്ടത്. പത്രാധിപച്ചുമതല വഹിക്കുന്നവരെ പ്രൊഫഷണലിസത്തിന്റെ പാതയില്‍ കൊണ്ടുപോകാന്‍ എന്‍ റാം അനുവദിക്കുന്നില്ലെന്നായിരുന്നു രാജിക്കു കാരണമായി സിദ്ധാര്‍ഥ് വരദരാജന്‍ ചൂണ്ടിക്കാട്ടിയത്. സിദ്ധാര്‍ഥ് വരദരാജന്റെ രാജിയോടെയാണ് മാലിനിയെ എഡിറ്ററായും എന്‍ രവിയെ എഡിറ്റര്‍ ഇന്‍ ചീഫായും നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് എന്‍ രവി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നു ഹിന്ദുവിന്റെ ആദ്യ വനിതാ എഡിറ്റോറിയല്‍ മേധാവിയായി മാലിനി ചുമതലയേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here