പഞ്ചാബ് അതീവ ജാഗ്രതയില്‍; ഭീകരര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്ന് സൈന്യം; ഗുര്‍ദാസ്പുര്‍ എസ്പിയെ വീണ്ടും ചോദ്യം ചെയ്തു

ഗുര്‍ദാസ്പൂര്‍/പത്താന്‍കോട്ട്: ഗുര്‍ദാസ്പൂരില്‍ സൈനിക വേഷധാരികളായ രണ്ടു പേരെ കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ കനത്ത പരിശോധനയും അതീവ ജാഗ്രതാ നിര്‍ദേശവും. പത്താന്‍ കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഗുര്‍ദാസ്പൂര്‍ ഭീകരരുടെ ലക്ഷ്യസ്ഥാനമായതിനാലും പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

അതിനിടെയാണ്, വൈകിട്ടോടെ സംശയകരമായ നിലയില്‍ കണ്ടെത്തിയ ആളെ പത്താന്‍കോട്ട് വ്യോമതാവളത്തിനുസമീപം പിടികൂടിയത്. ഗുര്‍ദാസ്പുരിലെ സൈനിക കേന്ദ്രത്തിനു സമീപം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് രണ്ടു പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്നു പ്രദേശത്തു കര്‍ശന പരിശോധന തുടരുകയാണ്. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതേസമയം, വൈകിട്ട് ആറു മണിയോടെയാണ് പത്താന്‍കോട്ട് വ്യോമതാവളത്തിനു സമീപം സംശയകരമായ ബാഗുമായി കണ്ടയാളെ എയര്‍ഫോഴ്‌സ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.

അതേസമയം, ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് കേന്ദ്രത്തിലെ തിരച്ചില്‍ പൂര്‍ത്തിയായെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. കൂടുതല്‍ ഭീകരര്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി വരികയാണ്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥനില്‍നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്. ഭീകരരും ആസൂത്രകരും ഭീകരരുടെ ബന്ധുക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതാണ് പ്രധാന തെളിവ്. പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ആദ്യം വിവരങ്ങള്‍ കൈമാറിയ ഗുര്‍ദാസ്പുര്‍ എസ്പി സാല്‍വിന്ദര്‍സിങ്ങിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. എസ്പിയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News