ചന്ദ്രബോസ് വധക്കേസ്; അന്തിമ വാദം വൈകിപ്പിക്കാന്‍ പ്രതിഭാഗത്തിന്റെ നീക്കം; നിസാമിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്തിമ വാദം വൈകിപ്പിക്കാന്‍ പ്രതിഭാഗത്തിന്റെ നീക്കം. വിചാരണ കോടതി ജഡ്ജ് സ്ഥലം മാറുന്ന സാഹചര്യത്തില്‍ ഏപ്രില്‍ വരെ കേസ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് നിസാം സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ ഉള്ളറകള്‍ പൂര്‍ണമായി അറിയാത്ത പുതിയ ന്യായാധിപന്‍ വരുന്നതോടെ അന്തിമ വിധി അനുകുലമാക്കാന്‍ ആകുമോയെന്ന ശ്രമത്തിലാണ് പ്രതിഭാഗം.

ചന്ദ്രബോസ് വധക്കേസ് പരിഗണിക്കുന്ന അഡീഷണല്‍ ജില്ലാ ജഡ്ജ് കെപി സുധീര്‍ സ്ഥലം മാറുന്ന സാഹചര്യത്തിലാണ് പ്രതിഭാഗം കേസിന്റെ വിചാരണയും വിധിപറയലും വൈകിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. കുന്നംകുളം കോടതിയില്‍ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത് മുതല്‍ അകാരണമായി വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ശ്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു. ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും അനുകൂല ഇടക്കാല വിധികള്‍ തേടാനും ശ്രമമുണ്ടായി. പ്രതിഭാഗത്തിന്റെ അനാവശ്യ ഇടപെടലുകളെ കോടതി വിമര്‍ശിച്ചതോടെ, വിചാരണ കോടതി മാറ്റാനും പ്രതിഭാഗം നീക്കം നടത്തി. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ സാക്ഷികളാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നിരസിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിസാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

ഇതിനിടയിലാണ് അഡീഷണല്‍ ജില്ലാ ജഡ്ജ് കെപി സുധീര്‍ സ്ഥലം മാറുമെന്ന സൂചനകളും ഉണ്ടായത്. കേസിന്റെ എല്ലാ വിവരങ്ങളും തുടക്കം മുതല്‍ തന്നെ അറിയാവുന്ന അഡീഷണല്‍ ജില്ലാ ജഡ്ജ്, തല്‍സ്ഥാനം ഒഴിയുന്നതോടെ കാര്യങ്ങള്‍ അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രതിഭാഗം. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ വരെ കേസിന്റെ വിചാരണ നീട്ടിവയ്ക്കാന്‍ മുഹമ്മദ് നിസാം സുപ്രീം കോടതിയെ സമീപിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജ് കെപി സുധീറിന്റെ സ്ഥലം മാറ്റം ഏപ്രിലിന് മുന്നേ ഉണ്ടാകുമെന്ന ഉറപ്പാലാണ് നിസാമിന്റെ നീക്കങ്ങള്‍. കേസിന്റെ ഉള്ളറകള്‍ പൂര്‍ണമായി അറിയാത്ത പുതിയ ന്യായാധിപന്‍ വരുന്നതോടെ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീക്ഷയും പ്രതിഭാഗത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here