കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു; മകള്‍ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രി

ദില്ലി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപക നേതാവുമായ മുഫ്തി മുഹമ്മദ് സെയ്ദ് (79) അന്തരിച്ചു. ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ന്യൂമോണിയയും ശ്വാസകോശസംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നെഞ്ചുവേദനയേയും പനിയേയും തുടര്‍ന്ന് ഡിസംബര്‍ 24നാണ് മുഫ്തി മുഹമ്മദിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

1999ലാണ് അദ്ദേഹം ജമ്മു കാശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത്. 2002 മുതല്‍ 2005 വരെയും അദ്ദേഹം കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. 2015 മാര്‍ച്ച് ഒന്നിനാണ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി രണ്ടാമത് മുഫ്തി മുഹമ്മദ് അധികാരമേറ്റത്. 1987ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരിക്കെ മുഫ്തി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. പിന്നീട് ജനമോര്‍ച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചു.

ഭാര്യ: ഗുല്‍ഷന്‍ അര. മെഹബൂബ സെയ്ദ്, റൂബിയ സെയ്ദ്, മുഫ്തി തസദഖ് എന്നിവരാണ് മറ്റു മക്കള്‍. 1936 ജനുവരി 12ന് ബിജെഹാരയിയിലാണ് മുഫ്തിയുടെ ജനനം.

അതേസമയം, മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ മെഹബൂബ മുഫ്തിയെ അടുത്ത മുഖ്യമന്ത്രിയായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മെഹബൂബ മുഖ്യമന്ത്രിയാകുന്നതില്‍ സഖ്യകക്ഷിയായ ബിജെപിക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. അതേസമയം, മന്ത്രിസഭാ പുനസംഘടനയും ചില വകുപ്പുകളില്‍ മാറ്റവും ബിജെപി ആവശ്യപ്പെട്ടേക്കും. നിയമസഭ സമ്മേളനം ജനുവരി 18ന് തുടങ്ങാനിരിക്കുന്നതിനാല്‍ അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News