കൊടിക്കുന്നിലിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പാസ്റ്റര്‍ക്കു ജാമ്യം; താന്‍ മരിച്ചാല്‍ കാരണക്കാരന്‍ കൊടിക്കുന്നിലാണെന്നു പാസ്റ്ററുടെ മകന്റെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പാസ്റ്റര്‍ അശോകന് ജാമ്യം. മര്‍ദനമേറ്റ് അവശനായ ആള്‍ എങ്ങനെ വധശ്രമം നടത്തുമെന്നു ചോദിച്ചാണ് കോടതി അശോകന് ജാമ്യം നല്‍കിയത്. അപക്വമായ നടപടികളെടുത്തതിന് പൊലീസിനെ കോടതി ശാസിക്കുകയും ചെയ്തു. താന്‍ മരിച്ചാല്‍ അതിനു കാരണക്കാരന്‍ കൊടിക്കുന്നിലാണെന്ന് അശോകന്റെ മകന്റെ ആത്മഹത്യാക്കുറിപ്പു പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അശോകന് കോടതി ജാമ്യം നല്‍കിയത്.

kodikunil-suresh

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അശോകനെ അറസ്റ്റ് ചെയ്തിരുന്നത്. കൊടിക്കുന്നിലിന്റെ ബന്ധു ഷീജ, അശോകന്റെ മകള്‍ നിജിലയെ കഴിഞ്ഞദിവസം മര്‍ദിച്ചിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ കൊടിക്കുന്നില്‍ സുരേഷ് ഒരു സംഘമാളുകളുമായി എത്തി അശോകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. അശോകനെയും ഭാര്യ ഗീതയെയും മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചകീറിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ മുഖത്തും പരുക്കേറ്റിരുന്നു. എംപിയെ മര്‍ദ്ദിച്ചെന്ന കേസില്‍ അശോകനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അശോകന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് നിഖില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൊടിക്കുന്നില്‍ സുരേഷിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നും അശോകന്റെ കുടുംബം ആരോപിക്കുന്നു. നിഖില്‍ ദേവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന നിഖിലിനെ അപായപ്പെടുത്താനും ശ്രമമുണ്ടായി. കോണ്‍ഗ്രസിന്റെ വെമ്പായം പഞ്ചായത്തംഗം സിബിന്‍ ലാല്‍ നിഖിലിന്റെ ട്രിപ്പ് ഊരി മാറ്റാന്‍ ശ്രമിച്ചിരുന്നു. നിഖിലിന്റെ സഹോദരി ഇത് കണ്ടതിനെ തുടര്‍ന്ന ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

നിലവില്‍ റിമാന്‍ഡിലുള്ള അശോകന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇയാളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അശോകന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News