പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ് വീണാണ് മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലുള്ള ആംഖോക് ഗ്രാമത്തിലെ രാജ്‌റാണി ഗൗഡ് എന്ന അറുപതുകാരിക്കു പരുക്കേറ്റത്. ഡിസംബര്‍ പതിനേഴിനു നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്.

വിമാനത്തിലെ ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും തണുപ്പുകാരണം ഐസ് രൂപത്തിലാകുന്നത് ബ്ലൂ ഐസ് എന്നാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്നതിനാല്‍ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞതിലാണ് ദ്രവരൂപത്തിലുള്ള മാലിന്യങ്ങളും പെട്ടെന്ന് ഖരരൂപത്തിലാകുന്നത്. വിമാനത്തിന്റെ സാങ്കേതികത്തകരാറു കാരണമാണ് ഇത്തരത്തില്‍ രൂപപ്പെടുന്ന ബ്ലൂ ഐസ് താഴേക്കു വീഴുന്നത്. ലോകത്തു പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ മുമ്പു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമാണ്. സമീപത്തുള്ള ഒരു വീടിന്റെ ടെറസില്‍ ഇടിച്ചശേഷം ഒരു കഷ്ണം മാത്രമാണ് രാജ്‌റാണിയുടെ ചുമലില്‍ വീണത്. താഴേക്കു വീണ അതേ ശക്തിയില്‍ രാജ്‌റാണിയെ തട്ടുകയായിരുന്നെങ്കില്‍ ജീവന്‍പോലും അപകടത്തിലാകുമായിരുന്നു.

ആകാശത്തുനിന്നു രാജ്‌റാണിയുടെ മേല്‍ വീണതു ബ്ലൂ ഐസ് തന്നെയാണെന്നു സ്ഥിരീകരിക്കാനായാല്‍ അതു വ്യോമയാന അപകടങ്ങളുടെ പരിധിയില്‍ വരും. രാജ്‌റാണിക്ക് 2012ലെ വ്യോമയാനനിയമത്തിന്റെ പരിധിയില്‍ നഷ്ടപരിഹാരവും ലഭിക്കും. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നു ജില്ലാ കളക്ടര്‍ എ കെ സിംഗ് പറഞ്ഞു. ആകാശത്തുനിന്ന് ഐസ് വീണു എന്ന് ഒരു ഹിന്ദി പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടു ദില്ലി സ്വദേശിയായ വ്യോമയാന വിദഗ്ധന്‍ ബിമല്‍ കുമാര്‍ ശ്രീവാസ്തവ നടത്തിയ അന്വേഷണത്തിലാണ് വീണതു ബ്ലൂ ഐസ് ആണെന്ന സംശയം ബലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here