ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിഎം അബ്ദുറഹ്മാന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സിഎം അബ്ദുറഹ്മാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. അല്‍പ്പനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വര്‍ഷത്തെ പത്രപ്രവര്‍ത്തനജീവിതത്തിനുശേഷം 2004ലാണ് ‘ദേശാഭിമാനി’യില്‍നിന്ന് വിരമിച്ചത്്. ബുധനാഴ്ച രാത്രി 8.30ന് എറണാകുളം ലക്ഷ്മി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം കലൂര്‍ ദേശാഭിമാനി റോഡിലെ മൈക്രോവേവ് സ്റ്റേഷന് സമീപത്തെ ജെഎം അപ്പാര്‍ട്ട്‌മെന്റിലെ വസതിയിലേക്ക് മാറ്റി. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും.

പരിഭാഷയിലും പേജ്‌സംവിധാനത്തിലും പ്രാഗത്ഭ്യം തെളിയിച്ച അബ്ദുറഹ്മാന്‍ അടിയന്തരാവസ്ഥയടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ‘ദേശാഭിമാനി’പുറത്തിറക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഭരണകൂടത്തിന്റെ സെന്‍സറിങ്ങും ഭീഷണിയും മറികടന്ന് ‘ദേശാഭിമാനി’യെ ശ്രദ്ധേയമായി രൂപപ്പെടുത്തുന്നതില്‍ അന്ന് ചീഫ് സബ് എഡിറ്ററായിരുന്ന അബ്ദുള്‍റഹ്മാന്‍ പ്രധാന പങ്കുവഹിച്ചു.

കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സിഎം അബ്ദുറഹ്മാന്‍ 1967ല്‍ കോഴിക്കോട് ‘ചിന്ത’യില്‍ ചേര്‍ന്നത്. 1968ല്‍ ‘ദേശാഭിമാനി’യില്‍ സബ് എഡിറ്ററായി. 1998ല്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി സെന്‍ട്രല്‍ ഡെസ്‌ക്കിന്റെ ചുമതല ഏറ്റെടുത്തു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. പുതിയ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിലും ദിശാബോധംനല്‍കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചു.

രാജ്യത്തെ സിപിഐഎം പത്രപ്രവര്‍ത്തക സംഘാംഗമായി ചൈന സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസ്അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ‘ദേശാഭിമാനി’യില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന അബ്ദുറഹ്മാന്‍ 1972 മുതല്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ദേശീയ സമിതി അംഗമായി. വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കുറച്ചുകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1962ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അബ്ദുറഹ്മാന്‍ യുക്തിവാദിസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. മതയാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചതിന് പള്ളിയില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. കെടി മുഹമ്മദിന്റെ നാടകത്തില്‍ അഭിനയിച്ചതും അക്കാലത്ത് മതനിന്ദയായി കണക്കാക്കി. കെടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, കാഫര്‍ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. സിഎല്‍ ജോസിന്റെ പല നാടകങ്ങളിലും അഭിനയിക്കുകയും പാട്ടെഴുതുകയുംചെയ്തു.

കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. തിരൂര്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിച്ചെങ്കിലും വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമായപ്പോള്‍ പുറത്താക്കപ്പെട്ടു. പരീക്ഷ എഴുതാനുമായില്ല. ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള ഏറ്റവും പുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിച്ചിരുന്ന അബ്ദുറഹ്മാന് മാധ്യമ, കലാ, സാഹിത്യ, സിനിമാരംഗങ്ങളില്‍ വിപുലമായ സുഹൃദ്ബന്ധമുണ്ടായിരുന്നു. വിരമിച്ച ശേഷം കൊച്ചിയിലായിരുന്നു താമസം.

മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് വെട്ടത്ത് 1944 ഒക്ടോബര്‍ ഒന്നിനാണ് ജനനം. ചെറച്ചംവീട്ടില്‍ മാളിയേക്കല്‍ പരേതരായ സി എം കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി ടി കച്ചീബിയാണ് ഭാര്യ. ഏക മകന്‍: രജീഷ് റഹ്മാന്‍ (ആക്യുറേറ്റ് മീഡിയ). മരുമകള്‍: റജീബ. സഹോദരങ്ങള്‍: സിഎം മുഹമ്മദ് (റിട്ട. എക്‌സൈസ്), സിഎം അബൂബക്കര്‍, സിഎം അബ്ദുള്‍ റസാഖ്, സിഎം അബ്ദുള്‍ സമദ്, സിഎം ഷിഹാബുദീന്‍, ജമീല ബാപ്പു, ഫാത്തിമ ഉമ്മറുകുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News