അനിയത്തിയെ കാണാന്‍ ‘ചന്ദ്രേട്ടന്‍’ എത്തുന്നു; സുമിയുടെ ആഗ്രഹം സഫലമാക്കി നടന്‍ ദിലീപ്; കൂടിക്കാഴ്ച്ച പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ദിലീപിനെ നേരില്‍ കാണണമെന്ന സുമിരാജുവിന്റെ ആഗ്രഹം സഫലമാകുന്നു. ഇന്ന് ഉച്ചയോടെ പൂജപ്പൂര ആയുര്‍വേദ ആശുപത്രിയില്‍ എത്തിയാണ് ദിലീപ് സുമിയെ കാണുന്നത്.

സുമിയോടും അവളുടെ മാതാപിതാക്കളോടും കഴിഞ്ഞ ആഴ്ച്ച ദിലീപ്‌ഫോണിലൂടെ സംസാരിച്ചിരുന്നു. അവള്‍ തന്നെ സ്‌നേഹിക്കുന്നതിന്റെ പതിമടങ്ങ് തിരികെ നല്‍കുമെന്നും ദിലീപ് പറഞ്ഞിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് വളരെ സന്തോഷത്തോടെയാണ് സുമി മറുപടി നല്‍കിയതെന്നും ദിലീപ് പറഞ്ഞു. ദിലീപേ എന്ന് സ്‌നേഹത്തോടെയാണ് അവള്‍ തന്നെ വിളിച്ചതെന്നും താരം പീപ്പിള്‍ ടിവിയോട് പറഞ്ഞു. വ്യത്യസ്തമായ ഈ സ്‌നേഹാരാധനയുടെ വാര്‍ത്ത പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി. തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് സുമി. ആറുമാസം പ്രായമുള്ളപ്പോഴാണ് സുമി ഓട്ടിസം ബാധിതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചികിത്സ തുടരുകയാണ്.

വ്യത്യസ്തമായ ഒരു താരാരാധനയാണ് സുമി മനസില്‍ സൂക്ഷിക്കുന്നത്. കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ മനസില്‍ ഇഷ്ടം സൂക്ഷിക്കുന്നത് ദിലീപിനോട് മാത്രമാണ്. മാത്രമല്ല, ദിലീപിന് പതിനാറുകാരിയായ സുമി മനസില്‍ നല്‍കുന്നത് ജ്യേഷ്ഠന്റെ സ്ഥാനവുമാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കൈയ്യിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറയുന്നു. ഓട്ടിസം ബാധിച്ച മകള്‍ക്ക് ദിലീപിന്റെ സാന്നിധ്യംകൊണ്ട് അസുഖത്തില്‍ മാറ്റമുണ്ടായേക്കും എന്ന് ഡോക്ടര്‍മാരും പറയുന്നു.

ഊണിലും ഉറക്കത്തിലും പ്രിയതാരമായ ദിലീപിനെ കാണുന്നതിന്റെ ആഹ്ലാദത്തിലാണ് സുമി ഇപ്പോള്‍. ആരോഗ്യ വൈകല്യമുള്ള അനുജത്തിയെ കാണാന്‍ ദിലീപേട്ടന്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സുമിയുടെ മാതാപിതാക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News