മാഗ്‌സസെ ജേതാവ് സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്താക്കി; നടപടി നക്‌സലൈറ്റ് എന്നാരോപിച്ച്; ആര്‍എസ്എസ് അജന്‍ഡയെന്ന് ആക്ഷേപം

വാരാണസി: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടിയിലെ അധ്യാപക പാനലില്‍നിന്നു പുറത്താക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളെന്നും നക്‌സലൈറ്റാണെന്നും കാട്ടിയാണ് നടപടി. അതേസമയം, ആര്‍എസ്എസിന്റെ ഗൂഢോലോചനയാണ് തന്നെ പുറത്താക്കിയതിനു പിന്നില്‍ എന്നു സന്ദീപ് പാണ്ഡേ ആരോപിച്ചു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഗസ്റ്റ് ഫാക്കല്‍റ്റിയാണ് സന്ദീപ് പാണ്ഡേ.

നിര്‍ഭയയെക്കുറിച്ചുള്ള നിരോധിത ഡോക്യുമെന്ററി കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചെന്നാണ് സന്ദീപിനെതിരായ നടപടിക്കു കാരണമായി സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നത്. കാമ്പസിനുള്ളില്‍ യാതൊരു രാഷ്ട്രീയ, നക്‌സലൈറ്റ് പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ബനാറസ് ഹിന്ദു സര്‍വകലാശാല വക്താവ് രാജേഷ് സിംഗ് പറഞ്ഞു.

താന്‍ നക്‌സലൈറ്റല്ലെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ജീവിക്കുന്നയാളാണെന്നും സന്തോഷ് പാണ്ഡേ വിശദീകരിക്കുന്നു. നക്‌സലൈറ്റുകളെ താന്‍ ഒരു വിധത്തിലും അംഗീകരിക്കുന്നില്ല. നിര്‍ഭയയെക്കുറിച്ചു ബിബിസി തയാറാക്കിയ ഡോക്യുമെന്ററി താന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള തീരുമാനം സര്‍വകലാശാല അധികൃതരുടെ നിര്‍ദേശപ്രകാരം വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. അതേസമയം, മറ്റൊരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ശേഷം രാജ്യത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തു വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശാ ട്രസ്റ്റിന്റെ സ്ഥാപകനാണ് സന്ദീപ് പാണ്ഡേ. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ സംഘാടകരില്‍ ഒരാളുമാണ്. 2002-ലാണ് സന്ദീപ് പാണ്ഡേയ്ക്കു മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News