പത്താന്‍കോട്ട് സൂത്രധാരന്മാരെ കൈമാറണമെന്ന് ഇന്ത്യ; നാല് ഭീകരരെയും വിട്ടുകിട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍മാരായ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യക്ക് കൈമാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയക്ക് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ സൂത്രധാരന്‍ അബദുള്‍ റൗഫ് അസ്സര്‍ അടക്കമുള്ള നാല് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തിയതിന് പിന്നാലെയാണ് കേന്ദ്ര നിലപാട്. അതേസമയം വിദഗ്ധ ഡോകടര്‍മാരുടെ സംഘം നടത്തിയ ഭീകരരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിക്ക് കൈമാറി.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മുഹമ്മദ് അസ്സര്‍, കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ മുഖ്യ സൂത്രധാരനും മൗലാന അസ്സറിന്റെ സഹോദരനുമായ അബദുള്‍ റൗഫ് അസ്സര്‍, അഷ്ഫാഖ്, കാസിം എന്നിവരാണ് പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകരെന്നാണ് ഐബിയുടെ കണ്ടെത്തല്‍. നാല് ജയഷെ മുഹമ്മദ് ഭീകരരെയും അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഈ ഭീകരരെ അറസ്റ്റ് ചെയ്ത് ഭീകരാക്രമണത്തിന്റെ തുടര്‍ അന്വേഷണത്തിനായി അന്വേഷണ ഏജന്‍സിക്ക് കൈമാറാതെ വിദേശകാര്യസെക്രട്ടറി തല ചര്‍ച്ച നടത്തില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട ആറ് ഭീകരരില്‍ നാല് പേരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഡോകടര്‍മാരുടെ സംഘം അന്വേഷണ ഏജന്‍സിക്ക് കൈമാറി.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അതിര്‍ത്തിരക്ഷാ സേനാ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി. എന്നാല്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ സുപ്രീംകോടതി ജഡജിനെ ഉള്‍പ്പെടുത്തി വിദ്ഗധ അന്വേഷണം നടത്തണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

അതേസമയം കൊല്‍ക്കത്തയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വ്യാജപാസ്‌പോര്‍ട്ടുകളുമായി പോലീസ് അറസ്റ്റ് ചെയ്ത നാല് പേരെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന സംശയത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News