വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഗജേന്ദ്ര ചൗഹാന്‍; സമരം നടത്തുകയെന്നത് ഭരണഘടന അവകാശം

പൂനെ: തന്റെ നിയമനത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തുകയെന്നത് ഭരണഘടന അനുവദിക്കുന്ന അവകാശമാണെന്നും അതിനെതിരേ നടപടിയെടുക്കേണ്ടത് പൊലീസാണെന്നും ചൗഹാന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയില്‍ ചെയര്‍മാനായി ഇന്നലെ ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റിരുന്നു. ഗജേന്ദ്ര ചൗഹാനൊപ്പം ആര്‍എസ്എസ് നിര്‍ദേശത്താല്‍ നിയമിച്ച മറ്റു നാലു പേരും അധികാരമേറ്റു. ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പില്‍ പ്രതിഷേധിച്ച 30ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടേയും പ്രമുഖ സിനിമാ പ്രവര്‍ത്തകരുടേയും കടുത്ത എതിര്‍പ്പിനിടയിലാണ് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനും നാല് അംഗ ഭരണസമിതിയും സ്ഥാനമേറ്റത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 9നാണ് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം നിയമിച്ചത്. എന്നാല്‍ വേണ്ടത്ര യോഗ്യതകള്‍ ഇല്ലാത്ത ഗജേന്ദ്ര ചൗഹാന്റെയും മറ്റു നാലു പേരുടേയും രാഷ്ട്രീയ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയതാണ് സ്ഥാനം ഏറ്റെടുക്കല്‍ നീണ്ടു പോയത്.

പ്രൊഫഷണല്‍ യോഗ്യതകളില്ലാത്ത ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളായ ഇന്ത്യന്‍ സിനിമയിലെ വ്യക്തിത്വങ്ങളും രംഗത്തെത്തുകയും ജൂണ്‍ 12 മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരമാരംഭിക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാല നിരാഹാരത്തിലെത്തിയ സമരം അധികൃതരുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഒക്ടോബറില്‍ പിന്‍വലിച്ചിരുന്നു. 139 ദിവസമാണ് സമരം നീണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News