സുപ്രീംകോടതി വിധി മറികടന്ന് കേന്ദ്രസര്‍ക്കാര്‍; ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാടിന് അനുമതി

ദില്ലി: പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് നിരോധിച്ച നീക്കത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിബന്ധനകളോടെ ജെല്ലിക്കെട്ട് നടത്താനുള്ള പ്രത്യേകാനുമതി ഇറക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കി കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.

ജെല്ലിക്കെട്ട് പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരേ മൃഗക്ഷേമ ബോര്‍ഡ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ക്കു കത്തെഴുതിയിരുന്നു. പുതിയ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.

അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷവും ജെല്ലിക്കെട്ട് നടന്നിരുന്നില്ല. കാളകളെ പീഡിപ്പിക്കുന്നതായും ജെല്ലിക്കെട്ട് സംഘാടനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോര്‍ഡ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 മേയ് ഏഴിനാണ് ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here