‘ആകാശങ്ങള്‍ക്കപ്പുറം’ നിര്‍മ്മല്‍ ഭാസ്‌കര്‍ പിന്നിട്ട വഴികളിലൂടെ ഒരു യാത്ര; ശാസ്ത്രവും കലയും കോര്‍ത്തിണക്കി നിര്‍മിച്ച ആദ്യ മലയാള സിനിമ

എന്തും തകര്‍ക്കാന്‍ മാത്രം ഉപയോഗിക്കുന്ന മിസൈല്‍, ബോംബ് എന്നിവ മനുഷ്യന്റെ നന്മക്കും ഉപയോഗിക്കാം എന്നു കണ്ടുപിടിച്ച നിര്‍മ്മല്‍ ഭാസ്‌കര്‍ പിന്നിട്ട വഴികളിലൂടെ ഒരു യാത്ര. അതാണ് ‘ആകാശങ്ങള്‍ക്കപ്പുറം’ എന്ന ചലച്ചിത്രം. ശാസ്ത്രവിദ്യാഭ്യാസ മൂല്യവും കലാമൂല്യവും കോര്‍ത്തിണക്കി നിര്‍മിച്ച ആദ്യ മലയാള സിനിമയാണ് ‘ആകാശങ്ങള്‍ക്കപ്പുറം’.

ഈ സിനിമയുടെ പശ്ചാത്തലം ഗ്രാമപ്രദേശത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമായ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളാണ്. അന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രസാദ് സ്‌കൂള്‍ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തിന് മുന്നില്‍ ബഹിരാകാശം വിഷയമാക്കി ഒരു മത്സര സെമിനാര്‍ നടത്തപ്പെടുന്നു. ഐതിഹാസികമായ അപ്പോളോ-രണ്ടിന്റെ യാത്ര, മംഗല്‍യാന്‍, ഭാവിയിലെ ബഹിരാകാശ കോളനി, ഇന്ത്യയുടെ ശാസ്ത്ര വികാസം, ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങുന്നു തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കാനായി കുട്ടികള്‍ തെരഞ്ഞെടുത്തു. പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ മനുഷ്യന്റെ ദൈന്യത നിറഞ്ഞ ചിത്രമാണ് അവര്‍ കണ്ടെത്തിയത്. ഇന്നും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖങ്ങള്‍.

ശാസ്ത്രരംഗത്ത് മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നു. ട്രാവന്‍കൂര്‍ സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന നിര്‍മ്മല്‍ ഭാസ്‌കറിന്റെ സ്മരണക്കാണ് ഈ സെമിനാര്‍ നടത്തപ്പെട്ടത്. സ്‌കൂളിലെ പല പ്രവര്‍ത്തനങ്ങളും അധ്യാപകരുടെ പ്രോത്സാഹനങ്ങളും അവനെ തികഞ്ഞ ശാസ്ത്ര തല്‍പ്പരനാക്കി. ബി.എസ്‌സിക്ക് പഠിക്കുമ്പോള്‍ ബാംഗ്ലൂര്‍ സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ ഒരു പ്രൊജക്ട് അവന്‍ തയ്യാറാക്കിയിരുന്നു. പക്ഷേ അത് എന്താണെന്നോ എവിടെയാണെന്നോ ആര്‍ക്കും അറിയില്ല. ആരോ ഒരു വ്യക്തി അവന്റെ ചിന്തകള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ പ്രൊജക്ട് വീണ്ടെടുക്കുന്നതാണ് വിശ്വദര്‍ശിനി ബാനറില്‍ നിര്‍മിച്ച ‘ആകാശങ്ങള്‍ക്കപ്പുറ’ത്തിന്റെ പ്രമേയം.

ഭരണിക്കാവ് രാധാകൃഷ്ണന്‍, ആദര്‍ശ്, അഞ്ജു അമര്‍നാഥ്, റോസമ്മ സലിം, സുനില്‍ അടൂര്‍, രാജേഷ് തിരുവല്ല, ശ്രീലത പള്ളിക്കല്‍, മോഹന്‍ ജെ. നായര്‍, പറക്കോട് ജയചന്ദ്രന്‍, നൗഷാദ്, ദേവനാരായണറാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം നൂറോളം കുട്ടികളും അഭിനയിക്കുന്നു. നവനീത്, ആര്യനന്ദ, മാധവി, ഗുരുനിചിത, ഏബല്‍, ഋഷികേശ്, ഗോകുല്‍ ബി. നായര്‍, ലക്ഷ്മിപ്രിയ, അതുല്യ, കൈലാസ്, ഹിമ, ആദിത്യന്‍, അലീന, മെല്‍വിന്‍, ജെസ്‌നി, ആരതി, അനഘ, രേവതി ജെസ്റ്റിന്‍ എന്നിവരാണ് മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, സംവിധാനം: ധനോജ് നായിക്. ക്യാമറമാന്‍: അരുണ്‍ സിത്താര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വാരാപ്പുഴ. ഗാനരചന: പറക്കോട് ജയചന്ദ്രന്‍. സംഗീതം: അനില്‍ കൈപ്പട്ടൂര്‍. പശ്ചാത്തല സംഗീതം: ബിജു അനന്തകൃഷ്ണന്‍, ഷാജു. സാങ്കേതിക സഹായം: ഏബല്‍ ഗ്രാഫിക്‌സ് അടൂര്‍. ചമയം: സത്യനാഥന്‍. പരസ്യകല: സജീഷ് എം ഡിസൈന്‍. എഡിറ്റിങ്: കുമരവേല്‍, വിശാഖ്. ശബ്ദലേഖനം: ചിത്രാംബരി സ്റ്റുഡിയോ.

‘ആകാശങ്ങള്‍ക്കപ്പുറം’ ഉടന്‍ തീയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News