കാത്തിരുന്ന സുമിയെ കാണാന്‍ ചന്ദ്രേട്ടന്‍ എത്തി; ദിലീപിനെ സുമി റോസാപുഷ്പം നല്‍കി സ്വീകരിച്ചു; ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നു ദിലീപ്

തിരുവനന്തപുരം: സുമിയെ കാണാന്‍ ചന്ദ്രേട്ടനെത്തി. സുമി റോസാ പുഷ്പം നല്‍കി സ്വീകരിച്ചു. വ്യത്യസ്തമായ താരാരാധാനയുടെ സഫലനിമിഷമായി മാറി ഇരുവരുടെയും കൂടിക്കാഴ്ച. പിപ്പീള്‍ ടിവി വാര്‍ത്തയിലൂടെയാണ് സിനിമ കണ്ടു തന്നോട് ആരാധന നിറഞ്ഞ സുമിയെക്കുറിച്ചു ദിലീപ് അറിഞ്ഞത്. ഇന്നുച്ചയ്ക്കു തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു കൂടിക്കാഴ്ച. പ്രായത്തിനൊത്തു മാനസിക വളര്‍ച്ചയില്ലാത്ത സുമി സിനിമ കാണുന്ന കാലം മുതല്‍ ദിലീപിനോട് അളവില്ലാത്ത ആരാധനയാണ് പ്രകടിപ്പിച്ചിരുന്നത്.

ആശുപത്രിയിലെത്തിയ ദിലീപിനെ സുമി റോസാപുഷ്പം നല്‍കി സ്വീകരിച്ചു. ദിലീപ് എത്തുന്നതറിഞ്ഞ് രാവിലെ മുതല്‍ സുമി കാത്തിരിക്കുകയായിരുന്നു. തനിക്കു മകള്‍തന്നെയാണ് സുമിയെന്നും സുമിയുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ദിലീപ് പറഞ്ഞു. സുമിക്ക് ഇത്തരത്തില്‍ ആരോഗ്യാവസ്ഥ വന്നതില്‍ ദുഃഖമുണ്ടെന്നും വേഗം സാധാരണനിലയിലേക്കെത്തട്ടെയെന്നും ദിലീപ് ആശംസിച്ചു.

sumi-dileep

സുമിയുടെ ചികിത്സയെക്കുറിച്ച് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയ ദിലീപ് ചികിത്സയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു കുട്ടികളെയും സന്ദര്‍ശിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. പതിനാറുകാരിയായ സുമിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇന്നു സഫലമായത്.

സുമിയോടും അവളുടെ മാതാപിതാക്കളോടും കഴിഞ്ഞയാഴ്ച ദിലീപ് ഫോണിലൂടെ സംസാരിച്ചിരുന്നു. ദിലീപേ എന്നാണ് സുമി ഫോണില്‍ ദിലീപിനെ വിളിച്ചത്. അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി. തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് സുമി. ആറുമാസം പ്രായമുള്ളപ്പോഴാണ് സുമി ഓട്ടിസം ബാധിതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചികിത്സ തുടരുകയാണ്.

വ്യത്യസ്തമായ ഒരു താരാരാധനയാണ് സുമി മനസില്‍ സൂക്ഷിക്കുന്നത്. കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ മനസില്‍ ഇഷ്ടം സൂക്ഷിക്കുന്നത് ദിലീപിനോട് മാത്രമാണ്. മാത്രമല്ല, ദിലീപിന് പതിനാറുകാരിയായ സുമി മനസില്‍ നല്‍കുന്നത് ജ്യേഷ്ഠന്റെ സ്ഥാനവുമാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കൈയ്യിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറയുന്നു. ഓട്ടിസം ബാധിച്ച മകള്‍ക്ക് ദിലീപിന്റെ സാന്നിധ്യംകൊണ്ട് അസുഖത്തില്‍ മാറ്റമുണ്ടായേക്കും എന്ന് ഡോക്ടര്‍മാരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here