കൊച്ചി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നു ഹൈക്കോടതി. ഒറ്റപ്പാലത്തിനടുത്തു മങ്കരയില്‍ കോന്നി സ്വദേശികളായ മൂന്നു പെണ്‍കുട്ടികള്‍ ട്രെയിനില്‍ നിന്നു ചാടി മരിച്ചതിനെക്കുറിച്ചു കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ നിരീക്ഷണം. മൂന്നു പെണ്‍കുട്ടികളും അമിതമായി ഇന്റര്‍നറ്റ് ഉപയോഗിച്ചിരുന്നതായി കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം ഹൈക്കോടതിയെ അറിയിച്ചു. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ അടിമകളാക്കുകയാണെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
കോന്നി സ്വദേശികളായ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് കോന്നിയില്‍നിന്നു കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആതിര, രാജി, ആര്യ എന്നിവര്‍ ട്രെയിനില്‍നിന്നു വീണ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. രാജിയും ആതിരയും തല്‍ക്ഷണം മരിച്ചു. ആര്യ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ജൂലൈ പതിനൊന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍നിന്നു പെണ്‍കുട്ടികളെ കാണാതായത്. കുട്ടികള്‍ എറണാകുളത്തും ബംഗളുരുവിലും സന്ദര്‍ശിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കുട്ടികളുടെ ഫേസ്ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മരണകാരണം കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികളിലൊരാളുടെ കൈയിലുണ്ടായിരുന്ന ടാബ്ലെറ്റിലൂടെയാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ ഉമാ ബെഹ്‌റ എസ്പിയ്ക്കായിരുന്നു അന്വേഷണച്ചുമതല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here