പട്ടാളവേഷം ധരിച്ചു നാട്ടുകാര്‍ക്കു ചുറ്റാനാവില്ല; പൊതുജനം സൈനികവേഷം ധരിക്കാനോ വില്‍ക്കാനോ പാടില്ലെന്ന് സൈന്യം

ചണ്ഡിഗഡ്: സൈനികര്‍ ജോലിയിലും വിശ്രമസമയത്തും ഉപയോഗിക്കുന്ന യൂണിഫോമുകള്‍ക്കും വര്‍ക്കിംഗ് ഡ്രസിനും സമാനമായ വേഷങ്ങള്‍ പൊതു ജനങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൈന്യത്തിന്റെ നിര്‍ദേശം. ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും വില്‍ക്കുന്നത് വ്യാപാരികള്‍ നിര്‍ത്തണമെന്നും നിര്‍ദേശം ഇന്ത്യമുഴുവന്‍ ബാധകമാണെന്നും സൈന്യത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പൊലീസ്, മറ്റു കേന്ദ്ര സേനകള്‍ എന്നിവയും സൈന്യത്തിന്റെ വേഷം ധരിക്കരുതെന്നും കരസേനാ വക്താവ് ചണ്ഡിഗഡില്‍ പറഞ്ഞു. പലപ്പോഴും ഭീകരാക്രമണത്തിന് എത്തുന്നവര്‍ സൈനികവേഷമാണ് ധരിക്കുന്നതെന്നും സാധാരണക്കാര്‍ സൈനിക വേഷം ധരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുപോലും സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

വിമുക്തഭടന്‍മാരോടും സൈനിക യൂണിഫോം പൂര്‍ണമായോ യൂണിഫോമിന്റെ ഭാഗങ്ങളോ ധരിക്കരുതെന്നും നിര്‍ദേശമുണ്ട്. ഫാഷന്റെ ഭാഗമായി സൈനിക വേഷം ധരിക്കുന്നതിനെതിരേ വ്യാപക പ്രചാരണം നടത്താനാണ് സൈന്യത്തിന്റെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here