ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കും; ലക്ഷ്യം 1009 റണ്‍സ് മറികടക്കല്‍; ടീമില്‍നിന്നു കോച്ച് പുറത്താക്കാനിരിക്കവേ ബാറ്റുകൊണ്ട് അദ്ഭുതം കാട്ടിയ പ്രണവ് ധന്‍വാഡേ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

മുംബൈ: ക്രിക്കറ്റില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും തന്റെ തന്നെ റെക്കോഡായ 1009 റണ്‍സ് നേട്ടം മറികടക്കുകയാണ് ലക്ഷ്യമെന്നും ക്രിക്കറ്റില്‍ അദ്ഭുതമായ പ്രണവ് ധന്‍വാഡേ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്. സച്ചിന്‍ സമ്മാനിച്ച ബാറ്റ് ഇരട്ടി മധുരമായെന്നും പ്രണവ് പറഞ്ഞു. മോശം പ്രകടനം കാരണം ടീമില്‍നിന്നുംതന്നെ പുറത്താക്കാനിരിക്കേയാണ് ലോകത്തെ അദ്ഭുതപ്പെടുത്തി പ്രണവ് ബാറ്റ് വീശിയതെന്നു കോച്ചും പറഞ്ഞു.

Pranav

mobin

മോബിന്‍ (പരിശീലകന്‍)

327 പന്തില്‍ 59 സിക്‌സറും 129 ബൗണ്ടറികളുമായി 1009 റണ്‍സ് എടുത്ത കൊച്ചു മിടുക്കനെക്കുറിച്ച് പറയുമ്പോള്‍ പക്ഷെ കോച്ച് മോബിന്‍ ഷേക്കിന്റെ വാക്കുകളില്‍ ആവേശം കണ്ടില്ല. പ്രണവ് ധന്‍വാഡെയെ ടീമില്‍ നിന്നു തന്നെ ഔട്ടാക്കാനിരുന്നതാണെന്നാണ് മോബിന്‍ ഷെയ്ഖ് പറഞ്ഞത്. ക്രിക്കറ്റിനെക്കുറിച്ച് തീരെ സീരിയസായിരുന്നില്ല പ്രണവ് എന്നായിരുന്നു കോച്ചിന്റെ പരാതി. പ്രണവ് ഇപ്പോള്‍ കൈവരിച്ച നേട്ടം അത്ഭുതമായാണ് തോന്നിയതെന്നും കോച്ച് പ്രണവിന്റെ നേട്ടത്തെ നിസാരവത്കരിച്ചു കൊണ്ട് പറഞ്ഞു. ടീമില്‍ നിന്നു മാത്രമല്ല അക്കാദമിയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന അവസാന താക്കീതോടെയാണ് പ്രണവ് ക്രിക്കറ്റിനെ ഗൗരവമായി എടുത്തതെന്നും മോബിന്‍ വ്യക്തമാക്കി.
PRANAV 1
അഞ്ചു വയസ്സ് മുതല്‍ പ്രണവിനെ പ്രതിഫലമില്ലാതെ പരിശീലിപ്പിച്ച മോബിന്‍ പറയുന്നത് പ്രോത്സാഹനം നല്‍കി കഴിഞ്ഞാല്‍ ഇനിയും ഒരുപാടു കുട്ടികളെ ക്രിക്കറ്റ് രംഗത്തേക്ക് മുന്നോട്ടു കൊണ്ട് വരാന്‍ കഴിയുമെന്നാണ്. കല്യാണ്‍ വെസ്റ്റിലെ കെ.സി.ഗാന്ധി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ് പ്രണവ്.

സച്ചിന്‍ കളിച്ച ബാറ്റ് സമ്മാനമായി നല്‍കുകയും ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്ത സന്തോഷത്തിലാണ് പ്രണവിന്റെ അച്ഛന്‍ പ്രശാന്ത്. കുട്ടികാലം മുതല്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുകയാണ് തന്റെ മകനെന്നും, പഠിക്കുന്ന സമയത്ത് പോലും ക്രിക്കറ്റ് ബാളും ബാറ്റും കൂടെ കാണുമെന്നും പ്രണവിന്റെ അമ്മ പറയുന്നു. അച്ഛന്‍ പ്രശാന്തിന്റെ തുച്ചമായ വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ കൈത്താങ്ങ്. പണം പ്രശ്‌നമായിരുന്നെങ്കിലും ഓട്ടോ ഓടിച്ചു കിട്ടുന്ന ദിവസ കൂലിയില്‍ നിന്നും മിച്ചം പിടിച്ചാണ് മകന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here