കാര്യമായ ഫലമുണ്ടാക്കാതെ മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം; കേന്ദ്രത്തില്‍നിന്ന് കിട്ടിയത് പതിവ് ഉറപ്പുകള്‍ മാത്രം; നഴ്‌സിംഗ് റിക്രൂട്ടമെന്റ് പ്രശ്‌നം ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് കേന്ദ്രം

ദില്ലി: സംസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ കാര്യമായ ഫലമുണ്ടാക്കാതെ മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം. ഇത്തവണയും കേന്ദ്രത്തില്‍നിന്ന് കിട്ടിയത് പതിവ് ശൈലിയിലുള്ള ഉറപ്പുകള്‍ മാത്രം. വിദേശ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉറപ്പ്‌നല്‍കി.

പ്രവാസി കാര്യമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ കേരളത്തിനുള്ള ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി നിവേദനം നല്‍കി. അലിഗഡ് സര്‍വ്വകലാശാല മലപ്പുറം ക്യാമ്പസ് വികസനത്തിനായി കേന്ദ്രസഹായം വേണമെന്ന ആവശ്യത്തില്‍ ഈ മാസം 14ന് ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചതായും ഉമ്മന്‍ചാണ്ടി ദില്ലിയില്‍ പറഞ്ഞു.

വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് നടത്താനുള്ള അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയതിനു ശേഷം കേരളത്തില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ നേരിടുന്ന ബുദ്ധിമുട്ടാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും വിദേശരാജ്യങ്ങളുമായി ധാരണയിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

നേരത്തേയും ഈ മേഖലയിലെ പ്രശ്്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി സുഷമ സ്വരാജിനെ കണ്ടിരുന്നെങ്കിലും കാര്യക്ഷമമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. എന്നാല്‍ ഒരാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തുടങ്ങിയ പ്രവാസകാര്യമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കാര്യത്തില്‍ കേരളത്തിനുള്ള ആശങ്ക വിദേശകാര്യ മന്ത്രിയെ അറിയിക്കുകയും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.

കേന്ദ്ര മാനവവിഭവശേഷി സ്മൃതി ഇറാനിയെ കണ്ട മുഖ്യമന്ത്രി മലപ്പുറത്തെ അലിഗഡ് സര്‍വ്വകലാശാല സെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിച്ചു. മലപ്പുറം ക്യാമ്പസിന്റെ വികസനത്തിന് കേന്ദ്രസഹായം വേണമെന്ന് ആവശ്യത്തില്‍ ഈ മാസം 14 ന് ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News