ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആഥിത്യമരുളാന്‍ കോഴിക്കോട്; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേള വന്‍വിജയമാക്കുമെന്ന് അബ്ദുറബ്ബ്

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആഥിത്യമരുളാന്‍ കോഴിക്കോട് ഒരുക്കം തുടങ്ങി. തീയതി സംബന്ധിച്ച തീരുമാനമായില്ലെങ്കിലും കായികമേള മികച്ച രീതിയില്‍ നടത്താനായി അവലോകനയോഗം ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി അബ്ബുറബ്ബിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

അന്തിമ തീയ്യതി വന്നിട്ടില്ലെങ്കിലും ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അവലോകന യോഗം വിളിച്ചു ചേര്‍ത്തത്. പരിമിതമായ സമയപരിധിക്കകത്ത് നിന്ന് കായികമേള സംഘടിപ്പിക്കുക എന്നതാണ് വെല്ലുവിളി. ഔദ്യോഗിക പ്രഖ്യാപനമുണ്ടായാല്‍ കായികമേളയുടെ നടത്തിപ്പിനാവശ്യമായ സംഘാടകസമിതിയും സബ്ബ് കമ്മറ്റികളും രൂപീകരിക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേള വന്‍വിജയമാക്കുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.

തീയതി സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും നിലനില്‍ക്കുന്നത്. കലോത്സവം കഴിഞ്ഞ ഉടന്‍ ജനുവരി അവസാന വാരം നടത്താനാണ് പ്രാഥമിക തീരുമാനം. ഇതേ സമയത്ത് കോഴിക്കോട് വിദേശ ടീമുകളടക്കം പങ്കെടുക്കുന്ന സേഠ് നാഗ്ജി ഫുട്‌ബോളും അയ്യായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റും നടക്കുന്നുണ്ട്. ഈ പരിപാടികളെ ബാധിക്കാത്ത വിധത്തില്‍ അനുയോജ്യമായ തീയ്യതിയില്‍ വേണം മേള സംഘടിപ്പിക്കാന്‍. അനൂകൂല സാഹചര്യത്തില്‍ കേരളത്തിലെ കായികതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഒളിമ്പ്യന്‍ പിടി ഉഷ പറഞ്ഞു.

കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here