മാണിയുടെ വാക്ക് പാഴായി; മെയ് മാസത്തിനുള്ളില്‍ കുടിശിക നല്‍കി സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

കൊച്ചി: കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക മെയ് മാസത്തിനുള്ളില്‍ നല്‍കി സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. കരാറുകാരുടെ ബില്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ സമയബന്ധിത നടപടി എന്ന മാണിയുടെ വാക്ക് പാഴായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് കുടിശ്ശിക തീര്‍ത്താണ് ഇറങ്ങിയതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അതേ ആര്‍ജ്ജവം കാണിക്കണമെന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.

കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക കോടികളായപ്പോഴാണ് സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു കൊണ്ട് കരാറുകാര്‍ സമരം നടത്തിയത്. ഈ സമരത്തിന്റെ ഒത്തുതീര്‍പ്പിനായി കരാറുകാരുമായി ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ധനകാര്യ മന്ത്രി കെഎം മാണി പുറപ്പെടുവിപ്പിച്ച വാര്‍ത്താക്കുറിപ്പാണ് ഇത്. ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ഇങ്ങനെ: സര്‍ക്കാര്‍ കരാറുകാരുടെ ബില്‍കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ സമയബന്ധിത നടപടി. ധാരണ പ്രകാരം നിരത്തുവിഭാഗം ഒഴികെയുള്ളവയുടെ കുടിശ്ശിക 2015 ഡിസംബറിലും നിരത്ത് വിഭാഗത്തിലേത് 2016 മാര്‍ച്ചിലും കൊടുത്ത് തീര്‍ക്കും. ആറുമാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനോടൊപ്പം ആറു മാസം പഴക്കമുള്ള ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുമ്പോള്‍ പലിശയുടെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ഇതെല്ലാം പാഴ് വാക്കായി. 2016 മെയ് വരെയുള്ള പ്രതിമാസ ഗഡുക്കള്‍ പ്രഖ്യാപിച്ചിട്ടും കുടിശ്ശിക തീരുന്നില്ല.

കുടിശിക ആഘാതം ലഘൂകരിക്കാനായി ആരംഭിച്ച ബില്‍ ഡിസ്‌കൗണ്ടിംഗ് പദ്ധതി എല്ലാ കരാറുകാര്‍ക്കും പ്രയോജനപ്പെടുംവിധം സര്‍ക്കാര്‍ പരിഷ്‌കരിക്കണം. എല്ലാ അംഗീകൃത ബാങ്കുകളേയും ഡിസ്‌കൗണ്ട് പരിധിയില്‍ ഉള്‍പ്പെടുത്തണം. മാത്രമല്ല, സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് 2016-2017 ബഡ്ജറ്റില്‍ 1400 കോടി രൂപ പ്രത്യേകമായി വകയിരുത്തി മെയ് മാസത്തിനുള്ളില്‍ തന്നെ കരാറുകാരുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അസോസിയേഷന്‍ അവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News