മോദി പത്താന്‍കോട്ട് വ്യോമസേനകേന്ദ്രത്തിലെത്തി; സൈനികരുമായി കൂടിക്കാഴ്ച്ച നടത്തി; ഭീകരര്‍ക്ക് വ്യോമകേന്ദ്രത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചുവെന്ന് സൂചന

ദില്ലി: ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമസേനകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. 11 മണിയോടെ പത്താന്‍കോട്ട് എത്തിയ മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഭീകരര്‍ക്ക് വ്യോമകേന്ദ്രത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സൈനിക എഞ്ചിനീയറിംഗ് സര്‍വ്വീസിലെ ക്ലാസ് ഫോര്‍ ഇലക്ട്രിക്കല്‍ ജീവനക്കാരനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും. കേന്ദ്രത്തിനുള്ളില്‍ വലിയ ലൈറ്റുകള്‍ മുകളിലേക്ക് തിരിച്ചു വച്ചതാണ് ജീവനക്കാരനെ സംശയിക്കാന്‍ പ്രധാന കാരണം. ഗുരുദാസ്പൂര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ നുണപരിശോധന നടത്താനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യോമകേന്ദ്രം ആക്രമിച്ച ഭീകരര്‍ പാകിസ്ഥാനിലേക്കു വിളിച്ച ഫോണ്‍ നമ്പറുകള്‍ ഇന്ത്യ പാകിസ്ഥന് കൈമാറി. ഭീകരാക്രമണത്തില്‍ ജയ്ഷ ഇമുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെയടക്കം പങ്കിനെ സംബന്ധിച്ച തെളിവുകളും ഇന്ത്യ കൈമാറി. അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ നവാസ് ശരീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീകരര്‍ പാകിസ്ഥാനിലേക്ക് വിളിക്കാന്‍ ഗുരുദാസ്പൂര്‍ എസ്പിയുടെ സുഹൃത്തിന്റെയും കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവറുടെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്റെ ഫോണ്‍ ഭീകരര്‍ തട്ടിയെടുത്തുവെന്ന് എസ്പിയുടെ സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് ബിഎസ്എഫിന്റെ ആഭ്യന്തരതല അന്വേഷണവും പുരോഗമിക്കുകയാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here