ചെഗുവേരയുടെ ചിത്രം വരച്ച വിദ്യാര്‍ത്ഥിനിക്ക് എബിവിപി-ബിജെപി പ്രവര്‍ത്തകരുടെ അവഹേളനം; തടഞ്ഞ സഹപാഠിക്ക് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

കൊടുങ്ങല്ലൂര്‍: ചെഗുവേരയുടെ ചിത്രം വരച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് എബിവിപി -ബിജെപി പ്രവര്‍ത്തകരുടെ അവഹേളനം. ഇതിന് ശ്രമിച്ചവരെ വിലക്കിയ സഹപാഠിയെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി സുമിത്തിനെകൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ ശില്‍പശാലക്കിടയിലാണ് സംഭവം.

എടവിലങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ശില്‍പ്പശാലയില്‍ ആര്‍ട്ടിസ്റ്റ് വത്സന്‍ അക്കാദമിയിലെ 15 വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ കൊടുങ്ങല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജിത വരച്ച ചെഗുവേരയുടെ ചിത്രവും ഉണ്ടായിരുന്നു. പ്രദര്‍ശനം കാണാനെത്തിയ ഒരുസംഘം ചെഗുവേരക്ക് പകരം നരേന്ദ്രമോഡിയോ, താമരയോ വരച്ചാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കുകയും, ചിത്രത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സംഘാടകര്‍ ഇടപെട്ട് ചെഗുവേരയുടെ ചിത്രം മാറ്റി.

രണ്ടാം ദിവസം അഞ്ജിതയും സുമിത്തും മറ്റൊരു വിദ്യാര്‍ത്ഥിയും പുറത്തേക്ക് പോകുമ്പോള്‍ ചിത്രത്തെ എതിര്‍ത്ത സംഘവും സുഹൃത്തുകളും സ്‌കൂളിന്റെ ഗേറ്റിലുണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമീപമെത്തി അവര്‍ അഞ്ജിതയെ ആക്ഷേപിക്കുകയായിരുന്നു. ചിത്രപ്രദര്‍ശന സംഘത്തിലെ അംഗമായിരുന്ന സുമിത്ത് ഇത് വിലക്കിയപ്പോഴാണ് സംഘം വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

അധ്യാപകര്‍ വിവരമറിയിച്ചതനുസരിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here