പാര്‍ലമെന്റില്‍ ബോറടിക്കുമ്പോള്‍ മറ്റു എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത് സാരിയെക്കുറിച്ചാണെന്ന് സുപ്രിയ സുലേ; സാരി ചര്‍ച്ചയിലൂടെ ശരത് പവാറിന്റെ മകള്‍ വിവാദത്തില്‍

ദില്ലി: എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭ എംപിയൂമായ സുപ്രിയ സുലേ വിവാദക്കുരുക്കില്‍. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ബോറാണെന്നും അതുകൊണ്ട് പ്രസംഗം നടക്കുമ്പോള്‍ മറ്റു എംപിമാരുമായി താന്‍ സാരിയെക്കുറിച്ചാണ് സംസാരിക്കാറുള്ളതെന്നുമുള്ള സുലേയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. നാസിക്കില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് എംപിമാരുടെ പാര്‍ലമെന്റിലെ സാരിച്ചര്‍ച്ചയെ കുറിച്ച് സുപ്രിയ തുറന്ന് പറഞ്ഞത്.

മഹാരാഷ്ട്രയിലെ ബരാമതിയില്‍ നിന്നുള്ള ലോക്‌സഭാംഗം സുപ്രിയാ സുലേയ്ക്ക് പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ ചര്‍ച്ചകളെല്ലാം ബോറടിപ്പിക്കുന്നതാണ്. മറ്റ് വനിതാ എംപിമാരുടെ ഭംഗിയുള്ള സാരികള്‍ എവിടെ നിന്നു വാങ്ങിച്ചു, എത്രയാണ് വില തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സുലേയ്ക്ക് താത്പര്യം. രാഷ്ട്രീയ എതിരാളികളുടേതല്ല ഈ ആരോപണം. സുപ്രീയ സുലേ തന്നെയാണ് ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്

തമിഴ്‌നാട്ടിലെ എംപിയുമായി സഭയില്‍ സംസാരിക്കുന്നത് ടിവിയില്‍ കാണുമ്പോള്‍ നിങ്ങല്‍ വിചാരിക്കും വെള്ളപ്പൊക്കത്തെ കുറിച്ചാണ് ചോദിക്കുന്നതെന്ന്. എന്നാല്‍ അങ്ങനെയല്ല. അവരുടെ സാരി എവിടെ നിന്നാണ് വാങ്ങിച്ചത്, എന്റെ സാരി വാങ്ങിച്ചത് എവിടെ നിന്നാണ് തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പാര്‍ലമെന്റില്‍ ആദ്യം പ്രസംഗിച്ചയാള്‍ പറയുന്ന കാര്യങ്ങല്‍ തന്നെയായിരിക്കും പിന്നീടുള്ളവരും ആവര്‍ത്തിക്കുന്നത്. അതൊക്കെ കേള്‍ക്കുമ്പോള്‍ ബോറടിക്കും. ആസമയം ഞങ്ങള്‍ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിക്കും. ക്ലാസില്‍ ഇരുന്നു ബോറടിക്കുമ്പോള്‍ നിങ്ങള്‍ ദീപിക പദുക്കോണിനെ കുറിച്ച് സംസാരിക്കാറില്ലേ എന്നും യുവ വനിതാ എം പി വിദ്യാര്‍തിഥികളോട് ചോദിച്ചു. ഏതായാലും പിള്ളേരെ കയ്യിലെടുക്കാന്‍ കടന്ന കൈ പ്രസംഗം നടത്തിയ സുപ്രിയ പുലിവാലു പിടിച്ചു. ഉത്തരവാദിത്തപ്പെട്ട എംപി സഭയെ അവഹേളിച്ചു എന്നാണ് ഇപ്പോള്‍ സുപ്രിയയ്‌ക്കെതിരെ ഉയരുന്ന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here