കോണ്‍ഗ്രസിനെതിരെ വീരേന്ദ്രകുമാര്‍; വിമതരെ നിര്‍ത്തി ജെഡിയുവിനെ തോല്‍പിച്ചു; മുന്നണിയില്‍ നീതികിട്ടിയില്ലെന്നു പ്രവര്‍ത്തകര്‍ക്കു പരാതി

കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ എം പി വീരേന്ദ്രകുമാര്‍. ജെഡിയു മത്സരിച്ച മണ്ഡലങ്ങളില്‍ വിമതരെ നിര്‍ത്തി കോണ്‍ഗ്രസ് തോല്‍പിച്ചെന്നും മുന്നണിയില്‍ നീതി കിട്ടിയില്ലെന്നു പ്രവര്‍ത്തകര്‍ക്കു പരാതിയുണ്ടെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട് പറഞ്ഞു. യുഡിഎഫില്‍ ജെഡിയു ശുഷ്‌കമായെന്നും അദ്ദേഹം കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു മുന്നോടിയായി നടന്നയോഗമായതിനാല്‍ വീരേന്ദ്രകുമാറിന്റെ അഭിപ്രായത്തിന് രാഷ്ട്രീയ പ്രസക്തിയേറെയാണ്.

ഏറെ നാളായി യുഡിഎഫില്‍ ജെഡിയു അതൃപ്തരായിരുന്നു. ഇതാണ് മറനീക്കി പുറത്തുവന്നത്. യുഡിഎഫില്‍ എത്തിയതു മുതല്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. നേരത്തേ, തദ്ദേശ തെരഞ്ഞടുപ്പിനു മുമ്പായി നടത്തിയ യുഡിഎഫിന്റെ ജാഥയില്‍നിന്നു പിന്‍മാറാന്‍ വരെ ജെഡിയു ആലോചിച്ചിരുന്നു.

പാലക്കാട് മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ തോല്‍വിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നടപടിയെടുക്കാത്തതും ജെഡിയുവിന്റെ അതൃപ്തിക്കു കാരണമായി. കാരണക്കാരെ ചൂണ്ടിക്കാട്ടി ആര്‍ ബാലകൃഷ്ണപിള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ജെഡിയുവിന്റെ പരാതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here