ഇന്ത്യ-പാക് സമാധാന ചര്‍ച്ച അട്ടമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പാകിസ്താന്‍; പത്താന്‍കോട്ട് ആക്രമണത്തില്‍ ഉടന്‍ നടപടിവേണമെന്ന് അമേരിക്ക

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച ഈമാസം പതിനഞ്ചിനുതന്നെ നടക്കുമെന്നു പാകിസ്താന്‍. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം 15ന് കൂടിക്കാഴ്ച്ച നടത്താനാണ് തീരുമാനിച്ചതെന്നും സമഗ്രമായ ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായി കൂടുതല്‍ യോഗങ്ങള്‍ ചേരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പാക് പാര്‍ലമെന്റിനെ അറിയിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ അടിയന്തരമായി നടപടിയെടുക്കണമെന്ന് പാകിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍താജ് അസീസിന്റെ പ്രസ്താവന.

പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുത്തിട്ടുമതി ചര്‍ച്ച എന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താന്റെ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പന്ത് പാകിസ്താന്റെ കോര്‍ട്ടിലാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു. പാകിസ്താനി ചാരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തിയതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

മുംബൈ ആക്രമണത്തില്‍ സംഭവിച്ചതുപോലെ കുറ്റക്കാരെ മറച്ചുവച്ചുകൊണ്ടുള്ള ഒരു നിലപാട് പത്താന്‍കോട്ട് ആക്രമണക്കാര്യത്തില്‍ സ്വീകരിക്കരുതെന്നാണ് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം നടത്തുമെന്നു പാകിസ്താന്‍ പരസ്യമായി പറഞ്ഞകാര്യമാണ്. അതുകൊണ്ട് അതു തീവ്രവാദികളെ മറയ്ക്കാന്‍വേണ്ടിയുള്ള അന്വേഷണം ആകരുതെന്നും അമേരിക്കന്‍ വിദേശകാര്യ പ്രതിനിധി പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News