ആരോഗ്യമേഖലയില്‍ ധനവിനിയോഗം കുറയുന്നു; ജനകീയ ആരോഗ്യനയം നടപ്പിലാക്കണം; സര്‍ക്കാര്‍ ആശുപത്രികള്‍ വിപുലീകരിക്കണമെന്നും കേരള പഠന കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ ധനവിനിയോഗം ഗണ്യമായി കുറയുന്നുവെന്ന് നാലാമത് കേരള അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്്. 1999ല്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 1.14 ശതമാനമായിരുന്ന മുതല്‍ മുടക്ക് 2010 – 2011 ആയതോടെ .63 ശതമാനമായി കുറഞ്ഞുവെന്ന് പഠന കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു. ചികിത്സക്കൊപ്പം രോഗപ്രതിരോധത്തിനും, ആരോഗ്യ വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന ജനകീയാരോഗ്യ നയം നടപ്പാക്കണമെന്നും പഠന കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു.

കേരളത്തിലെ 40 ശതമാനത്തോളം വരുന്ന സാധാരണ ജനങ്ങളുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ വിപുലീകരണത്തിനും നവീകരണത്തിനും ആരോഗ്യനയത്തില്‍ ഊന്നല്‍ നല്‍കണം. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യമേഖലക്കുള്ള സാമ്പത്തിക വിഹിതം വര്‍ദ്ധിപ്പിക്കണം. സമാന്തരമായ ഇന്‍ഷ്വറന്‍സ് സഹായ പദ്ധതികള്‍ ഏകോപിപ്പിക്കണമെന്നും കേരള പഠന കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

സാന്ത്വന ചികിത്സാ സംവിധാനം സാര്‍വ്വത്രികമാക്കണമെന്നും പഠന കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു. മാതൃ മരണനിരക്ക് 66ല്‍ നിന്ന് 10ലേക്ക് എത്തിക്കണം. ശിശുമരണ നിരക്ക് 12ല്‍ നിന്ന് 5ആയും കുറയ്ക്കാന്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിക്കണമെന്നും പഠന കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു.

ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും സ്തീകളുടേയും പ്രായാധിക്യമുള്ളവരുടേയും ആരോഗ്യാവശ്യങ്ങള്‍ നേരിടുന്നതിനായി ആരോഗ്യ വകുപ്പില്‍ പ്രത്യേക ഭരണസംവിധാനം ഏര്‍പ്പടുത്തണം. കേരള പബ്‌ളിക് ഹെല്‍ത്ത് ആക്റ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ്, ഫാര്‍മസി കൗണ്‍സില്‍ ആക്റ്റ് എന്നിവ ഉടന്‍ നടപ്പാക്കണമെന്നും പഠനകോണ്‍ഗ്രസില്‍ നിര്‍ദ്ദേശമുയര്‍ന്നു.

മെഡിക്കല്‍ സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആരംഭിക്കാനും പഠന കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിക്കുന്നു. പൊതുമേഖലയില്‍ കൂടുതല്‍ ഔഷധ കമ്പനികള്‍ ആരംഭിക്കണമെന്നും, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ കീഴില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാനും തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News