തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ വെട്ടിച്ചു പഞ്ചായത്തു വഴിയിലൂടെ പോയ വാഹനയാത്രികനെ പീഡിപ്പിച്ചെന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്. സംഘര്‍ഷാവസ്ഥ നിലനിന്ന പ്രദേശത്ത് ആയുധങ്ങളുമായി ഒരു സംഘമാളുകള്‍ പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു പരിശോധന നടത്തുകയായിരുന്നെന്നും പൊലീസ് വാഹനത്തിനു കുറുകെ വാഹനമിട്ട യാത്രക്കാരനോട് വാഹനത്തിന്റെ രേഖകള്‍ ചോദിക്കുകയായിരുന്നു സംഭവിച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിറാമിനെ ഡിവൈഎസ്പി അപമാനിക്കുകയും പാതിരാത്രിയില്‍ നടുറോഡില്‍ സമരം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈനും വാര്‍ത്ത നല്‍കിയിരുന്നു. ടോള്‍ പ്ലാസക്കാര്‍ക്കു വേണ്ടി താന്‍ ഒരിക്കലും ഒത്താശ ചെയ്തിട്ടില്ലെന്നും എന്നാല്‍ ടോള്‍ നല്‍കാതെ പോകുന്നതു ധാര്‍മികമാണോ എന്നു ചോദിക്കുകയാണ് ഉണ്ടായതെന്നും ഡിവൈഎസ്പി പറഞ്ഞു.
ക്രിസ്മസ് ദിവസം പാലിയേക്കരയ്ക്കടുത്തു ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസമയംതന്നെ മറ്റൊരിടത്തു രു സംഘം എസ്ഡിപിഐ പ്രവര്‍ത്തകരെ വാളുമായി പിടികൂടുകയും ചെയ്തു. കൂടുതല്‍ ആയുധങ്ങള്‍ ഒരു മാരുതി ഓമ്‌നി വാനില്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മഫ്തിയില്‍ ടോള്‍പ്ലാസയ്ക്കു സമാന്തരമായുള്ള റോഡില്‍ പൊലീസ് കാത്തുനിന്നത്. ഇതിനിടെ, ഒരു ഓമ്‌നി വാന്‍ പൊലീസിനെ കണ്ടു നിര്‍ത്താതെ പോവുകയും ചെയ്തു. ഇതു പിന്തുടരുന്നതിനിടെയാണ് ഹരിറാം സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് വാഹനത്തിനു കുറുകെയിട്ടത്.
ഹരിറാമിനോട് ലൈസന്‍സ് ചോദിച്ചപ്പോള്‍ കൈവശമില്ലെന്നു പറഞ്ഞു. തുടര്‍ന്നു വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ കോപ്പി മാത്രമേയുള്ളൂവെന്നു പറഞ്ഞു. ഇതാണ് പരിശോധനയ്ക്കായി വാങ്ങിയത്. അതിനിടയില്‍ ഹരിറാം പൊലീസിനോടു തട്ടിക്കയറിയെന്നും താന്‍ തന്റെ വാഹനത്തില്‍ പോയിരിക്കുകയായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു. പഞ്ചായത്തുവഴിയിലൂടെ പഞ്ചായത്തുകാരല്ലാത്തവര്‍ പോകരുതെന്നു താന്‍ പറഞ്ഞിട്ടില്ല. ഹരിറാം ഉന്നയിച്ചിരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണ്. റോഡില്‍ കുത്തിയിരിക്കുമെന്നു പറഞ്ഞതു ഹരിറാം തന്നെയാണ്. താന്‍ സമരം ചെയ്യാന്‍ പറഞ്ഞിട്ടില്ലെന്നും ഡിവൈഎസ്പി രവീന്ദ്രന്‍ പറഞ്ഞു. പാലിയേക്കരയിലെ ടോള്‍പ്ലാസക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ ആദ്യം കേസെടുത്തതു താനാണെന്നും അക്കാര്യങ്ങള്‍ പരിശോധിക്കുന്ന താന്‍ എങ്ങനെയാണ് ഒത്താശ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post