വേണ്ടത് പരിസ്ഥിതി സംരക്ഷിത വികസനം; വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സമൂഹം മുന്‍കൈ എടുക്കണം; വികസനക്കുതിപ്പ് നല്‍കാന്‍ പഠന കോണ്‍ഗ്രസിന് കഴിയുമെന്നും വിഎസ്

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പിലാക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരള വികസനത്തിനുള്ള അനന്ത സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇതിന് കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സമൂഹം മുന്‍കൈ എടുക്കണം. ഇത് സര്‍ക്കാരിന്റെ മാത്രം ചുമതലയായി കാണരുതെന്നും വിഎസ് പറഞ്ഞു. കേരള പഠന കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വിഎസ്.

കേരളത്തിന് ബദല്‍ വികസനക്കുതിപ്പ് നല്‍കാന്‍ കേരള പഠന കോണ്‍ഗ്രസിന് കഴിയുമെന്നും വിഎസ് പറഞ്ഞു. കേരളത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളതാണ് സിപിഐഎമ്മിന്റെ വികസന കാഴ്ചപ്പാട്. കൃത്യമായ വര്‍ഗ്ഗ വിപ്ലവത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വ്യക്തമായ കാഴ്ചപ്പാടാണ് കേരള വികസനത്തെപ്പറ്റിയുള്ളത് എന്നും വിഎസ് പറഞ്ഞു.

വികസനത്തിന്റെ വര്‍ഗ്ഗപരമായ ചട്ടക്കൂടും വികസന നയങ്ങളുടെ വര്‍ഗ്ഗപരമായ കാഴ്ചപ്പാടുമാണ് അടിസ്ഥാനപ്രശ്‌നം എന്ന് ഇഎംഎസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരീക്ഷിച്ചു. ഇത് ഇപ്പോഴും പ്രസക്തമാണ്. 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ ഫലമായി രൂപപ്പെട്ട കേരള മോഡലിന്റെ ആധാരശില കൃഷിഭൂമി കൃഷിക്കാരനു വിതരണം ചെയ്തതും, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണവും സാര്‍വ്വത്രികവല്‍ക്കരണവും ആയിരുന്നുവെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

വേണ്ടത്ര സാമ്പത്തിക വളര്‍ച്ചയും ഉല്പാദന വര്‍ദ്ധനവും വ്യാവസായിക വികസനവും ഉണ്ടാകാത്തതുകൊണ്ട് ഈ നേട്ടങ്ങള്‍ കേരളത്തിനു നിലനിര്‍ത്താന്‍ കഴിയാതെ വന്നു. കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറി. അരിക്കും പച്ചക്കറികള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണത ശക്തിപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി എന്നിവയുടെ കാര്യത്തിലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ജലം, മണ്ണ്, പാറ എന്നിവയുടെ ചൂഷണം പ്രകൃതിയുടെ നിലനില്പിനെ അപകടപ്പെടുത്തുന്ന രീതിയിലായി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം നമുക്ക് നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഐടി, ടൂറിസം എന്നിവയുടെ കാര്യത്തിലും നമുക്ക് വളരെയേറെ മുന്നേറാന്‍ സാദ്ധ്യതകളുണ്ട്.- വിഎസ് പറഞ്ഞു.

സംഘടിത ബഹുജന പ്രസ്ഥാനവും ഉന്നതമായ രാഷ്ട്രീയ ജനാധിപത്യ ബോധവും ശക്തമായ സഹകരണ – സാക്ഷരതാ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും കേരളത്തിന്റെ മാത്രം മുതല്‍ക്കൂട്ടാണ്. ഇവ പ്രയോജനപ്പെടുത്തണം. ഭരണ സംവിധാനത്തിലെ രാഷ്ട്രീയതുടര്‍ച്ച അനിവാര്യമാണ്. അതിനുവേണ്ടിയാണ് ഇനി പരിശ്രമിക്കേണ്ടത്. കഴിഞ്ഞ പഠനകോണ്‍ഗ്രസുകളിലെ നിര്‍ദ്ദേശങ്ങള്‍ ഇടതു ഗവര്‍മെണ്ടുകള്‍ നടപ്പാക്കിയിട്ടുണ്ട്. പിന്നീടു വരുന്ന യുഡിഎഫ്. സര്‍ക്കാരുകള്‍ അതെല്ലാം അട്ടിമറിക്കുന്നു. ഈ പഠന കോണ്‍ഗ്രസിലും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കും. വരുംകാല കേരള വികസനത്തിനു പുത്തന്‍ കുതിപ്പുകള്‍ നല്‍കാന്‍ കേരള പഠന കോണ്‍ഗ്രസിനു കഴിയുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News