ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് മുസ്ലീംസ്ത്രീയെ ഇറക്കിവിട്ടു; നടപടി കൈയില്‍ ബോംബുണ്ടെന്ന് ആരോപിച്ച്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് മുസ്ലീം സ്ത്രീയെ ഇറക്കിവിട്ടു. അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് സ്ത്രീയെ റാലിയില്‍ നിന്ന് ഇറക്കിവിട്ടത്. 56കാരിയായ റോസ് ഹമീദിനെയാണ് ട്രംപിന്റെ അനുയായികള്‍ ഇറക്കിവിട്ടത്. സൗത്ത് കരോളിനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

ഹിജാബും സലാം, ഐ കം ഇന്‍ പീസ് എന്നെഴുതിയ ടി ഷര്‍ട്ടാണ് റോസ് ഹമീദ് ധരിച്ചിരുന്നത്. ട്രംപിന്റെ അനുയായികളെ ഇസ്ലാമിന്റെ സന്ദേശം ബോധ്യപ്പെടുത്താനാണ് താന്‍ എത്തിയതെന്ന് റോസ് പറഞ്ഞു. ട്രംപിന്റെ അനുയായികള്‍ ആരും മുന്‍പ് ഒരു മുസ്ലീമിനെ കണ്ടിട്ടില്ലെന്നും അവര്‍ക്ക് അതിനൊരു സാഹചര്യം ഒരുക്കാമെന്നുമാണ് താന്‍ കരുതിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ അനുയായികള്‍ റോസിന്റെ കൈയില്‍ ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞു പുറത്താക്കുകയായിരുന്നു.

ട്രംപിന്റെ നടപടിക്കെതിരെ യുഎസില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സും ട്രംപിനെതിരെ രംഗത്തു വന്നു.

കഴിഞ്ഞ മാസമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപ് മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയത്. കാലിഫോര്‍ണിയയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. മുസ്ലീം പള്ളികളെയും മുസ്ലീങ്ങളെയും കൃത്യമായി നിരീക്ഷിക്കണം. പണ്ടത്തെ പോലുള്ള നിരീക്ഷണം പോര. പുതിയ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന നിരീക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here