ഫ്രീബേസിക്‌സ് ക്യാമ്പയിനായി ഫേസ്ബുക്ക് ഇന്ത്യയില്‍ ചെലവിട്ടത് 300 കോടി രൂപ; പത്രപരസ്യത്തിനായി 200 കോടി; പരസ്യം സംബന്ധിച്ച പരാതിക്ക് വിശദീകരണം നല്‍കാതെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍

ന്യൂഡല്‍ഹി: ഫ്രീബേസിക്‌സ് ക്യാമ്പയിനായി സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്ക് ഇന്ത്യയിലെ ചെലവിട്ടത് 300 കോടി രൂപ. ഇതില്‍ 180 മുതല്‍ 200 കോടി രൂപ വരെ പത്രമാധ്യമങ്ങളിലെ പരസ്യത്തിനായാണ് ചെലവഴിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് വഴി നടന്ന ക്യാമ്പയിനിലൂടെ റീച്ച് കണ്ടെത്താന്‍ സാധിക്കാത്തത് കൊണ്ടാണ് പത്രങ്ങളിലും ഫ്രീബേസിക്‌സിന്റെ പരസ്യം നല്‍കിയത്.

ഫ്രീബേസിക്‌സ് പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഇത്രയുമധികം തുക ചെലവഴിച്ചതെന്നാണ് ഫേസ്ബുക്ക് വക്താവിന്റെ വിശദീകരണം. പദ്ധതിയുടെ ഗുണത്തെ കുറിച്ചും ഉപയോഗങ്ങളെ കുറിച്ചും വിശദീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയമാധ്യമങ്ങളിലാണ് ഫേസ്ബുക്ക് പരസ്യം നല്‍കിയിരുന്നത്. കമ്പനി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പരസ്യം തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി. പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണന്നും തെറ്റായ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതികള്‍ പ്രവഹിച്ചതോടെ കൗണ്‍സില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കൗണ്‍സില്‍ തയാറായിട്ടില്ല.

അതേസമയം, ഫ്രീബേസിക്‌സ് തത്കാലം വേണ്ടെന്ന് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫ്രീ ബേസിക്‌സ് സംബന്ധിച്ച് 24 ലക്ഷം പ്രതികരണങ്ങളാണ് ട്രായിക്ക് ഇതുവരെ ലഭിച്ചത്. ഇന്റര്‍നെറ്റ് സമത്വം വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here