സുധീരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി; ജനരക്ഷായാത്രയില്‍നിന്ന് മാറിനിന്നത് മനഃപൂര്‍വം; തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടതില്ല

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കു സ്വന്തം മണ്ഡലമായ വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി വിട്ടുനിന്നതു വിവാദമാകുന്നു. വി എം സുധീരനോട് തനിക്കുള്ള എതിര്‍പ്പുകാരണമാണ് യാത്രയില്‍നിന്നു വിട്ടുനിന്നതെന്നു വ്യക്തമാക്കി മുല്ലപ്പള്ളി എത്തിയതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായി. ഡിസിസി പുനഃസംഘടനകളില്‍ ഒന്നിനും കൊള്ളാത്തവരെ സുധീരന്‍ സ്വന്തം താല്‍പര്യം അനുസരിച്ചു തിരുകിക്കയറ്റിയെന്നാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്.

കഴിഞ്ഞദിവസമാണ് ജനരക്ഷായാത്രയ്ക്കു വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്നു മണ്ഡലത്തിലെ എംപി കൂടിയായ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നത്. തന്റെ ആവശ്യങ്ങള്‍ക്കു ഡിസിസി പുനഃസംഘടനയില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

നേരത്തേ, കോഴിക്കോട് ഡിസിസി പുനഃസംഘടനയെക്കുറിച്ചു കാര്യമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരും ഇക്കാര്യം തുറന്നുപറയാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ മുല്ലപ്പള്ളിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞു രംഗത്തെത്തിയത്. കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ ചര്‍ച്ചയിലേക്കു നയിക്കപ്പെടാവുന്ന കാര്യമാണ് മുല്ലപ്പള്ളി ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനോടു വിശദീകരണം തേടില്ലെന്നു വി എം സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പള്ളി ജാഥയില്‍നിന്നു വിട്ടുനിന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്നു കണ്ണൂര്‍ ഡിസിസി വ്യക്തമാക്കി. മുല്ലപ്പള്ളിക്ക് ഒഴിവാക്കാനാവാത്ത പരിപാടികള്‍ ഉണ്ടായിരിക്കാമെന്നു ഡിസിസി ചൂണ്ടിക്കാട്ടി. എന്നാല്‍, മുല്ലപ്പള്ളിയെപ്പോലെ മുതിര്‍ന്ന നേതാവ് ജനരക്ഷാ യാത്രയില്‍നിന്നു വിട്ടുനിന്നതെന്തുകൊണ്ടാണെന്നു അദ്ദേഹം തന്നെ വിശദീകരിക്കണമെന്നു ജോസഫ് വാഴയ്ക്കന്‍ പിപ്പീള്‍ ടിവിയോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here