യുഡിഎഫ് വിടണമെന്ന് ആവശ്യം; ജെഡിയു പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ബഹളം; വാക്കേറ്റം വീരേന്ദ്രകുമാര്‍-കെ പി മോഹനന്‍ വിഭാഗങ്ങള്‍ തമ്മില്‍

പാലക്കാട്: യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായപ്രകടനത്തെത്തുടര്‍ന്നു ജെഡിയു പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ബഹളവും വാക്കേറ്റവും. ഇന്നലെ കോഴിക്കോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും മുന്നണി മാറ്റത്തെച്ചൊല്ലി ബഹളമുണ്ടായിരുന്നു. ചാരുപാറ രവിയുടെ അധ്യക്ഷതയിലാണ് യോഗം. വീരേന്ദ്രകുമാറിനെ അനുകൂലിക്കുന്ന നേതാവാണ് ചാരുപാറ രവി.

യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തരായ വിഭാഗമാണ് പാലക്കാട്ടും ജില്ലാ കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഇടതുമുന്നണിയിലേക്കു തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ പ്രബലമായ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് എല്‍ഡിഎഫിലേക്കു മടങ്ങണമെന്നാണ് ആവശ്യം. യുഡിഎഫ് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും യുഡിഎഫിലെത്തിയ ശേഷം ജെഡിയു ശുഷ്‌കിച്ച പാര്‍ട്ടിയായെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ടെന്ന് ഇന്നലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, യുഡിഎഫ് വിടേണ്ട് കാര്യമില്ലെന്നാണ് മന്ത്രികൂടിയായ കെ പി മോഹനന്റെ നിലപാട്. വീരേന്ദ്രകുമാറിന്റെയും മോഹനന്റെയും നിലപാടുകള്‍ കടുത്ത സംഘര്‍ഷത്തിലേക്കാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നാണ് ബഹളത്തില്‍ അവസാനിച്ച രണ്ടു ജില്ലാ കൗണ്‍സില്‍ യോഗങ്ങളും സൂചനനല്‍കുന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു മുമ്പായാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here